വോട്ടെടുപ്പിന്റെ തലേന്ന് ഇരുവിഭാഗം സമസ്തകളുടെ മുഖപത്രത്തില്‍ എല്‍ഡിഎഫ് പരസ്യം. സന്ദീപ് വാരിയറുടെ കോണ്‍ഗ്രസ് പ്രവേശനം ആയുധമാക്കിയാണ് പരസ്യം. 'ഈ വിഷനാവിനെ സ്വീകരിക്കുകയോ, കഷ്ടം' എന്ന തലക്കെട്ടിലുള്ള പരസ്യങ്ങള്‍ സമസ്തയുടെ സുപ്രഭാതത്തിലും എ.പി വിഭാഗത്തിന്‍റെ സിറാജിലുമാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പത്രപരസ്യം സിപിഎമ്മിന്‍റെ ഗതികേടെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പ്രതികരിച്ചത്. സന്ദീപിനെ സ്വീകരിക്കാന്‍ നിന്നവര്‍ ഇപ്പോള്‍ വര്‍ഗീയതയെക്കുറിച്ച് പറയുകയാണെന്നും സുധാകരന്‍ പരിഹസിച്ചു.
അതേസമയം, എല്ലാ പത്രങ്ങളിലു പരസ്യം നല്‍കിയിട്ടുണ്ടെന്നും ഒരേ ഉള്ളടക്കം തന്നെ എല്ലാ പത്രത്തിലും വരണമെന്നില്ലെന്നും മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചു. അതേസമയം, സുപ്രഭാതവും സിറാജും മുസ്ലിം പത്രമോ എന്നൊന്നും തനിക്കറിയില്ലെന്നായിരുന്നു എ.കെ. ബാലന്‍റെ പ്രതികരണം.
പത്രങ്ങളില്‍ പരസ്യം നല്‍കിയതിനെ എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ്ബാബുവും ന്യായീകരിച്ചു. പരസ്യം സ്വാഭാവികമാണെന്നും എല്ലാ പത്രങ്ങളിലും പരസ്യം നല്‍കിയെന്നുമായിരുന്നു ടി.പി രാമകൃഷ്ണന്‍റെ പ്രതികരണം. പരസ്യത്തെ വഴി തിരിച്ചുവിടാന്‍ ഷാഫി പറമ്പില്‍ നീചബുദ്ധി പ്രയോഗിക്കുകയാണെന്നും എന്നാല്‍ സന്ദീപ് വാരിയര്‍ പറഞ്ഞത് മാത്രമേ പരസ്യത്തില്‍ ഉള്ളൂവെന്നും ഇ.എന്‍ സുരേഷ്ബാബു മാധ്യമങ്ങളോട് പറഞ്ഞു.
പച്ചയ്ക്ക് വര്‍ഗീയത പറയാന്‍ സിപിഎമ്മിന് നാണമില്ലേയെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ എങ്ങനെ അനുമതി നല്‍കിയെന്നും രാഹുല്‍ ചോദ്യമുയര്‍ത്തി.