വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഓടിത്തളർന്ന് പാലക്കാട്ടെ സ്ഥാനാർഥികൾ. നിശബ്ദ പ്രചരണ ദിവസത്തിലും മൂന്ന് സ്ഥാനാർഥികളും വീട് കയറിയുള്ള വോട്ടുറപ്പിക്കലിനായിരുന്നു പ്രഥമ പരിഗണന നൽകിയത്. ത്രില്ലടിപ്പിക്കുന്ന പലതും കണ്ട പാലക്കാട്ട് അവസാന മണിക്കൂറിലും ആരോപണ പ്രത്യാരോപണങ്ങളുമായി സ്ഥാനാർഥികളും നേതാക്കളും കളം നിറയുകയാണ്.
യാക്കര, മുറിക്കാവ് ഭാഗങ്ങളിലായിരുന്നു യു.ഡി.എഫ് സ്ഥാനാർഥിയുടെ നിശബ്ദ പ്രചരണം. സ്വന്തം വീടുൾപ്പെടുന്ന കാടാംകോട് മേഖലയിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വോട്ടുറപ്പിക്കൽ.
താരേക്കാട്, കൽപാത്തി എന്നിവിടങ്ങളിലായിരുന്നു എൻ.ഡി.എ സ്ഥാനാർഥിയുടെ അവസാനവട്ട വോട്ടു തേടൽ. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ 183 പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് സാധനങ്ങളുടെ വിതരണവും ഉദ്യോഗസ്ഥ വിന്യാസവും വിക്ടോറിയ കോളജിലാണ് നടന്നത്.