മുണ്ടക്കൈ– ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ നിസാരവല്‍ക്കരിച്ച് ബിജെപി നേതാവ് വി. മുരളീധരന്‍. വയനാട്ടില്‍ ഒരു നാട് മുഴുവന്‍ ഒലിച്ചുപോയെന്ന്  പറയുന്നത് ശരിയല്ല. രണ്ട് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്.  വൈകാരികമായി സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്നും മുന്‍ കേന്ദ്രസഹമന്ത്രി പറഞ്ഞു. 

മുരളീധരന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വി. മുരളീധരന്‍ മലയാളികളോട് മാപ്പ് പറയണമെന്ന് എല്‍ഡിഎഫും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ബിജെപിയുടെ തനിനിറം ഒരിക്കല്‍ കൂടി പുറത്തായെന്നായിരുന്നു ടി. സിദ്ദിഖ് എംഎല്‍എയുടെ പ്രതികരണം. ദുരന്തബാധിതരെ അപമാനിക്കുന്ന നിലപാട് അനുവദിക്കാനാവില്ലെന്നും ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായതെന്നും സിപിഎം നേതാവ് സി.കെ ശശീന്ദ്രനും പറഞ്ഞു. 

ദുരന്തബാധിത പ്രദേശത്തോടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ അവഗണനയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. രാവിലെ 6 മണി മുതൽ ആരംഭിച്ച ഹർത്താലിൽ നിരവധിയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ജില്ലാ അതിർത്തിയായ ലക്കിടിയിൽ നൂറു കണക്കിന് വാഹനങ്ങൾ ഹർത്താലിൽ കുടുങ്ങി. തിരഞ്ഞെടുപ്പ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഓടുന്ന വാഹനങ്ങള്‍, ശബരിമല തീര്‍ത്ഥാടകര്‍, ആശുപത്രി സര്‍വീസുകള്‍, പാല്‍, പത്രം, വിവാഹ സംബന്ധമായ യാത്രകള്‍ തുടങ്ങിയവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ENGLISH SUMMARY:

BJP Leader V Muralidharan says that it is not true that an entire village in Wayanad was washed away. Only three wards in two panchayats were destroyed. There is no point in speaking emotionally.