പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ പോളിങ് പൂര്‍ത്തിയായതിന് പിന്നാലെ കൂട്ടലും കിഴിക്കലുമായി സ്ഥാനാര്‍ഥികളും നേതാക്കളും. അഞ്ചക്ക ഭൂരിപക്ഷം കടക്കുമെന്നാണ് യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പ്രതീക്ഷ. എഴുപതിനായിരത്തിലേറെ വോട്ടുകള്‍ തനിക്ക് കിട്ടുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിനും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. വാദ പ്രതിവാദങ്ങള്‍ തുടരുകയാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബി.ജെ.പി ജയിക്കുമെന്നും യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും വ്യക്തമാക്കിയത്. നാളെ പത്ത് മണിയോടെ മൂന്ന് സ്ഥാനാര്‍ഥികളും അവലോകനത്തിനായി അതത് പാര്‍ട്ടി ഓഫിസുകളിലെത്തും.
Read Also: കിതച്ചു, പിന്നെ കുതിച്ചു; പാലക്കാട്ട് പോളിങ് 70.51%; ആരാകും വിജയരഥത്തില്‍ ?
പാലക്കാട്ട് അമിതമായ അവകാശവാദമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. പോളിങ് കുറഞ്ഞത് ബാധിക്കില്ല. ബിജെപി ശക്തികേന്ദ്രങ്ങളിലും മുന്നേറ്റമുണ്ടാകുമെന്നും പാര്‍ലമന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് പോള്‍ ചെയ്തിട്ടുണ്ടെന്നും സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു
പോളിങ് ശതമാനം കുറഞ്ഞു
പ്രചാരണത്തില്‍ കണ്ട ആവേശം പോളിങ് ബൂത്തില്‍ പ്രകടമാവാത്തതിനാല്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പോളിങ് ശതമാനം കുറഞ്ഞു. കഴിഞ്ഞതവണ 75.27 വോട്ട് രേഖപ്പെടുത്തിയ സ്ഥലത്തെ കണക്ക് 70.51 എന്ന സംഖ്യയില്‍ ഒതുങ്ങി. നഗരസഭ പരിധിയിലും പിരായിരി പഞ്ചായത്തിലും മികച്ച പോളിങ് രേഖപ്പെടുത്തിയപ്പോള്‍ മാത്തൂരിനും കണ്ണാടിക്കും വോട്ടിങ് ശതമാനത്തില്‍ ക്ഷീണമാണ്.
2021 ലെ പോളിങ് കുതിപ്പിന്റെ അടുത്തൊന്നും എത്താനാവാത്ത സ്ഥിതിയിലായിരുന്നു പാലക്കാട്ടെ ആദ്യ മണിക്കൂറിലെ വോട്ടെടുപ്പ്. കഴിഞ്ഞ തവണത്തെക്കാള്‍ പത്ത് ശതമാനത്തിലേറെ കുറവ് രേഖപ്പെടുത്തിയ വോട്ടെടുപ്പില്‍ ഉച്ചകഴിഞ്ഞാണ് ചലനമുണ്ടായത്. ഒടുവില്‍ 2021 ലെ 75.27 എന്ന കണക്കിന് നാല് ശതമാനത്തിനോട് അകലെ ഉപതിരഞ്ഞെടുപ്പിലെ വോട്ടിങ് അവസാനിച്ചു. 70.51 എന്ന കണക്കില്‍ നേരിയ മാറ്റം വരുമെന്നാണ് ജില്ലാഭരണകൂടം വ്യക്തമാക്കുന്നത്. ഒരു ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി എഴുന്നൂറ്റി ആറ് വോട്ടര്‍മാരുള്ള പാലക്കാട്ട് സമ്മതിദാനം രേഖപ്പെടുത്തിയവരുടെ എണ്ണം ഒരു ലക്ഷത്തി മുപ്പത്തി ഏഴായിരത്തി മുന്നൂറ്റി രണ്ടാണ്. പാലക്കാട് നഗരസഭയിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. പിരായിരി, മാത്തൂര്‍, കണ്ണാടി പഞ്ചായത്തുകള്‍ വോട്ടിങ് ശതമാനത്തില്‍ പിന്നാലെ.
നഗരസഭയില്‍ വോട്ടിങ് ശതമാനം കൂടിയത് ഗുണം ചെയ്യുമെന്ന് ബി.ജെ.പിയും, യു.ഡി.എഫും ഒരുപോലെ അവകാശപ്പെടുന്നു. പിരിയാരി മുന്‍കാലങ്ങളിലേതിന് സമാനമായി കൂടെയുണ്ടാവുമെന്ന ആത്മവിശ്വാസം യു.ഡി.എഫിനുമുണ്ട്. കണക്കില്‍ നേരിയ കുറവുണ്ടെങ്കിലും കണ്ണാടിയിലും, മാത്തൂരിലും വോട്ടര്‍മാര്‍ കൈവിടില്ലെന്നാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. സര്‍വീസ് വോട്ടുകളും, പോസ്റ്റല്‍ ബാലറ്റുകളുടെ കണക്കും കൂടിയാവുമ്പോള്‍ അന്തിമ കണക്കില്‍ ഇനിയും മാറ്റം വന്നേക്കാം.