പ്രചാരണത്തിലും കലാശക്കൊട്ടിലും കണ്ട ആവേശത്തിന്റെ ട്രാക്കിലേക്ക് പാലക്കാട്ടെ പോളിങ്. രാവിലെ മന്ദഗതിയിലായിരുന്ന പോളിങ് വൈകീട്ടോടെ ചൂടു പിടിച്ചു. നിലവില്‍ പോളിങ് ശതമാനം 63.45 ആണ്. 2021ല്‍ നാല് മണിവരെ പോളിങ് 60.71 % ആയിരുന്നു. 

വോട്ടിങ് തുടങ്ങി ആദ്യ അര മണിക്കൂറില്‍ ബൂത്തുകളില്‍ വോട്ടര്‍മാരുെട നീണ്ടനിര കണ്ടുവെങ്കിലും, പിന്നീട് പതിയെ കുറഞ്ഞുവന്നു. കള്ളവോട്ട് വിവാദം ശക്തമായതിനാല്‍ പരമാവധി വോട്ടര്‍മാരെ ആദ്യ മണിക്കൂറുകളില്‍ ബൂത്തിലെത്തിക്കാനുള്ള മുന്നണികളുടെ ശ്രമം വിലപ്പോയില്ലെന്നാണ് വിലയിരുത്തല്‍. 

Read Also: എല്‍ഡിഎഫിന് 70,000ത്തില്‍ കുറയാത്ത വോട്ട് കിട്ടും; പോളിങ് ശതമാനം ഉയരും: സരിന്‍

പാലക്കാടിന്‍റെ വോട്ടര്‍മാര്‍ക്ക് മതേതരമനസ്സെന്നും അത് വോട്ടില്‍ പ്രതിഫലിക്കുമെന്നും രാഹുല്‍ മാധ്യമങ്ങളോട്  പറഞ്ഞു. ട്വിസ്റ്റുകള്‍ക്കൊടുവില്‍ നടക്കുന്ന വിധിയെഴുത്തില്‍ നല്ല ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയും യുഡിഎഫ് സ്ഥാനാര്‍ഥി പങ്കുവയ്ക്കുന്നു.

എഴുപതിനായിരത്തോളം വോട്ട് കിട്ടുമെന്ന അവകാശവാദത്തില്‍ ഉറച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിന്‍. പോളിങ് കുറയില്ലെന്നും നൂറു വോട്ടെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ കൂടുമെന്നും സരിന്‍ പറഞ്ഞു.  ഭാര്യ സൗമ്യ സരിനൊപ്പം വോട്ടുചെയ്ത ശേഷം സംസാരിക്കുകയായിരുന്നു സരിന്‍. മണപ്പള്ളിക്കാവ് ട്രൂലൈന്‍ പബ്ലിക് സ്കൂളിലായിരുന്നു വോട്ട്. രാവിലെ വോട്ടുചെയ്യാനെത്തിയെങ്കിലും യന്ത്ര തകരാറുമൂലം മടങ്ങിപ്പോയിരുന്നു 

തിരഞ്ഞെടുപ്പിലെ മന്ദഗതിയിൽ ആശങ്കയില്ലെന്ന്  ബിജെപി സ്ഥാനാർഥി സി ശ്രീകൃഷ്ണകുമാർ മനോരമ ന്യൂസിനോട് പറഞ്ഞു. കഞ്ചിക്കോട് വ്യവസായ മേഖലയിൽ അടക്കം അവധി ഇല്ലാത്തതിനാലാണ് വോട്ടിങ്‌ ശതമാനം ഇപ്പോൾ കുറഞ്ഞു നിൽക്കുന്നത്. നാലുമണിക്ക് ശേഷം മെച്ചപ്പെടും. ബിജെപിയുടെ വോട്ടുകൾ കൃത്യമായി ചെയ്യുന്നുവെന്ന് ഉറപ്പുണ്ടെന്നും കൃഷ്ണകുമാർ മനോരമ ന്യൂസിനോട് പറഞ്ഞു

ENGLISH SUMMARY:

Palakkad byelection: Polling crosses 62.02