പാലക്കാട് ത്രില്ലറിലെ വിജയിയെ അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കൂട്ടിയും കിഴിച്ചും മുന്നണികൾ. മുനിസിപ്പാലിറ്റിയില്‍ വോട്ടിങ്ങ് ശതമാനം കുറഞ്ഞത് അനുകൂലമാകുമെന്ന് യു.ഡി.എഫ് പറയുമ്പോൾ, ശക്തികേന്ദ്രങ്ങളിൽ അടി തെറ്റിയിട്ടില്ലെന്നാണ് ബി.ജെ.പി മറുപടി.  കോൺഗ്രസ് പശ്ചാത്തലമുള്ള പി.സരിനെ ഇറക്കിയതോടെ യു ഡി എഫ് - ബി ജെ പി വോട്ടുകളിൽ വിള്ളലുണ്ടാക്കി അട്ടിമറി വിജയം എൽ.ഡി.എഫ്  പ്രതീക്ഷിക്കുന്നു. 

കൂട്ടി കിഴിക്കലിന്‍റെ മണിക്കൂറിൽ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിൽ. കൊട്ടി കയറിയ പ്രചാരണങ്ങളും കത്തികയറിയ വിവാദങ്ങളും പോലെ പ്രതിഫലിച്ചില്ല പാലക്കാട്ടെ പോളിങ്ങ് എന്നതു കൊണ്ടു തന്നെ വലിയ ഭൂരിപക്ഷം ആരും പ്രതീക്ഷിക്കുന്നില്ല. 2021 ലെ 75.83 എന്ന പോളിങ്ങ് ശതമാനം ഇത്തവണ 70.51 ആയി കുറഞ്ഞത് എന്ത് ട്രെൻ്റിൻ്റെ ഭാഗമാണെന്നതും നാളെ മാത്രമെ അറിയു.പാലക്കാട്ടെ എം എൽ എ തീരുമാനിക്കാൻ നിർണായകമാവുന്ന മുൻസിപാലിറ്റിയിലെ വോട്ടിങ് കുറഞ്ഞതാണ് കോൺഗ്രസിൻ്റെ പ്രധാന ആശ്വാസം. ശതമാന കണക്കു വച്ച് ഇത്തവണയും പിരായിരിയിൽ അടി തെറ്റിയില്ലെന്ന് യു ഡി എഫ് ഉറപ്പിക്കുന്നു ഭരണ വിരുദ്ധത അലയടിക്കുമെന്നും പ്രതീക്ഷ.

മുൻസിപാലിറ്റിയിൽ വോട്ടിങ് കുറഞ്ഞതും പിരായിരിയും  കണ്ട് കോൺഗ്രസ് ആശ്വസിക്കണ്ടതില്ലെന്ന് ബി ജെ പി പറയുന്നത് യു ഡി എഫ് ശക്തി കേന്ദ്രങ്ങളിൽ അവർക്ക് കടക്കാൻ കഴിഞ്ഞുവെന്ന ആശ്വാസത്തിലാണ്. മുൻസിപാലിറ്റിയിലെ ശക്തി കേന്ദ്രങ്ങളിൽ ഇടിവില്ലെന്നും എൻ ഡി എ ക്യാമ്പ് കരുതുന്നു വിജയമില്ലെങ്കിൽ രണ്ടാം സ്ഥാനം എങ്കിലും ലക്ഷ്യമിട്ട് ഇറങ്ങിയ എൽ ഡി എഫിനും സരിനിൽ പ്രതീക്ഷയുണ്ട്. മാത്തൂരിലും കണ്ണാടിയിലും ലീഡ് നേടി അട്ടിമറിക്ക് വഴി ഒരുങ്ങുമെന്നാണ് കണക്കുകൂട്ടൽ. ഒരോ മണികൂറിലും മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നത് പോളിങ് ശതമാനത്തിലെ ഇടിവാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഷയങ്ങൾ അനവധി ഉണ്ടായിരുന്നെങ്കിലും ജനം എന്തു കൊണ്ടു, തള്ളിയെന്നതിൽ വ്യക്തത നാളെ പെട്ടി പൊട്ടിക്കുമ്പോഴെ അറിയു. അതു കൊണ്ടു തന്നെ കാത്തിരിക്കാം.

ENGLISH SUMMARY:

Vote counting for the 2024 by election will be held tomorrow Palakkad upadte