വയനാട്ടിലെ പാന്‍ ഇന്ത്യന്‍ പോരില്‍ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കൂട്ടിയും കിഴിച്ചുമുള്ള തിരക്കിലാണ് മുന്നണികള്‍. ആദ്യ പോരിനിരങ്ങിയ പ്രിയങ്ക ഗാന്ധിക്കും മികച്ച പോരിനിറങ്ങിയ സത്യന്‍ മൊകേരിക്കും നവ്യ ഹരിദാസിനും വോട്ടിങ് ശതമാനത്തിലെ വന്‍ ഇടിവ് തന്നെയാണ് വെല്ലുവിളിയാകുന്നത്.
പ്രിയങ്ക ഗാന്ധിയുടെ ആദ്യ അങ്കത്തില്‍ വന്‍ ഭൂരിപക്ഷം പ്രതീക്ഷിച്ച യുഡിഎഫിനും മികച്ച മുന്നേറ്റം മുന്നില്‍ കണ്ട ഇടതു എന്‍.ഡി.എ ക്യാംപുകളിലും ആശങ്കയും പ്രതീക്ഷയുമുണ്ട്. 4 ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷമുണ്ടാകുമെന്നാണ് യുഡിഎഫ് ക്യാംപിലെ ഒടുവിലെ കണക്കു കൂട്ടല്‍. ജില്ലക്കു പുറത്തുള്ള വോട്ടര്‍മാരെ പൂര്‍ണമായും ബൂത്തിലെത്തിച്ചെന്നും ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ആനി രാജ നേടിയ 26 ശതമാനം വോട്ട് നിലനിര്‍ത്താനാകുമെന്നാണ് കണക്കു കൂട്ടല്‍. എന്നാല്‍ മണ്ഡലത്തിലെ പലയിടത്തും സി.പി.എം സഹകരിച്ചില്ലെന്ന ആക്ഷേപം സിപിഐക്കുണ്ട്. തോല്‍വിയുടെ തോത് വര്‍ധിച്ചാല്‍ പരസ്യ പ്രതികരണത്തിലേക്ക് കടക്കുമെന്ന ആശങ്കയുമുണ്ട്. ബി ജെ പിയോട് 4700 വോട്ടുകള്‍ക്ക് മാത്രം വ്യത്യാസപ്പെട്ടിരിക്കുന്ന ബത്തേരിയിലടക്കം ആശങ്ക ഇരട്ടിയാണ്.
ബത്തേരിയിലും തിരുവമ്പാടിയിലുമാണ് ഒടുവിലും എന്‍.ഡി,എ പ്രതീക്ഷ വെക്കുന്നത്. കെ.സുരേന്ദ്രന്‍ നേടിയ 1.41 ലക്ഷം വോട്ട് നോട്ടം ആവര്‍ത്തിക്കുമെന്നും പ്രതീക്ഷയുമുണ്ട്. എന്നാല്‍ ഉറച്ച വോട്ടുകള്‍ പോലും പലയിടത്തും ബൂത്തിലെത്താത്തത് നെഞ്ചിടിപ്പ് കൂട്ടുകയാണ്. മണ്ഡലം രൂപീകരിച്ചതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങ് ആര്‍ക്ക് അനുകൂലമാകും ആര്‍ക്ക് പ്രതികൂലമാകും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. നാളെ കല്‍പ്പറ്റ എസ്.കെ.എം.ജെ യിലും നിലമ്പൂര്‍ അമല്‍ കോളജിലും കൂടത്തായി സെന്‍റ് മേരീസിലും വോട്ടെണ്ണും. ആദ്യ രണ്ടു മണിക്കൂറില്‍ തന്നെ വിധിയുടെ സ്വഭാവം അറിയാം...