വയനാട്ടിലെ പാന്‍ ഇന്ത്യന്‍ പോരില്‍ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കൂട്ടിയും കിഴിച്ചുമുള്ള തിരക്കിലാണ് മുന്നണികള്‍. ആദ്യ പോരിനിരങ്ങിയ പ്രിയങ്ക ഗാന്ധിക്കും മികച്ച പോരിനിറങ്ങിയ സത്യന്‍ മൊകേരിക്കും നവ്യ ഹരിദാസിനും വോട്ടിങ് ശതമാനത്തിലെ വന്‍ ഇടിവ് തന്നെയാണ് വെല്ലുവിളിയാകുന്നത്.
പെട്ടി പൊട്ടിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ തങ്ങളുടെ വോട്ട് പൂര്‍ണമായും പെട്ടിയിലായിട്ടുണ്ടെന്ന് മൂന്നു മുന്നണികളും അവകാശ വാദം ഉന്നയിക്കുന്നുണ്ട്. അഞ്ചു ലക്ഷം ഭൂരിപക്ഷം പ്രതീക്ഷിച്ച യുഡിഎഫിനും മികച്ച മുന്നേറ്റം മുന്നില്‍ കണ്ട ഇടതു എന്‍.ഡി.എ ക്യാംപുകളിലും ആശങ്കയും പ്രതീക്ഷയുമുണ്ട്.
തിരഞ്ഞെടുപ്പ് ഫലം 2024 ഏപ്രീല്‍
രാഹുല്‍ ഗാന്ധി (യു.ഡി.എഫ്) 647445– 59.6%
ആനി രാജ (എല്‍.ഡി.എഫ്) 283023– 26.09%
കെ.സുരേന്ദ്രന്‍ (എന്‍.ഡി.എ) 141045- 13.00%
ഭൂരിപക്ഷം 364422
72 ശതമാനം പോളിങ് രേഖപ്പെടുത്തിയ 2024 ഏപ്രീലില്‍ മൂന്നു മുന്നണികള്‍ക്കും കിട്ടിയ വോട്ട് വിഹിതം ഇങ്ങനെയായിരുന്നു. 3.64 ലക്ഷം ഭൂരിപക്ഷമുണ്ടായ രാഹുല്‍ ഗാന്ധിക്കു കിട്ടിയത് 56.69 ശതമാനം. പോളിങ് കുറഞ്ഞതില്‍ ഏറ്റവും ആശങ്ക യുഡിഎഫിനാണ്. രാഹുലിന് കണ്ണഞ്ചിപ്പിക്കുന്ന ഭൂരിപക്ഷം നല്‍കിയ ബത്തേരിയിലും വണ്ടൂരിലും ഇത്തവണ ഗണ്യമായ വോട്ട് കുറവ് ആശങ്കപ്പെടുത്തുന്നുണ്ട്. ആദ്യ പോരില്‍ പ്രിയങ്ക ഗാന്ധിക്കു 5 ലക്ഷം ഭൂരിപക്ഷമെന്ന പ്രഖ്യാപിത ലക്ഷ്യം സാധ്യമാകണമെങ്കില്‍ 70 ശതമാനത്തിനു മുകളില്‍ നേടണം. അതെളുപ്പവുമല്ല
ആനി രാജയെ ഇറക്കി മല്‍സരം കടുപ്പിച്ച എല്‍ ഡി എഫിനു കഴിഞ്ഞ തവണ കിട്ടിയത് 26 ശതമാനം വോട്ട്. ഇത്തവണ എല്‍ ഡി എഫ് ശക്തി കേന്ദ്രങ്ങളില്‍ വോട്ടിങ് ഗണ്യമായി കുറഞ്ഞത് കാര്യമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്. ബി ജെ പിയോട് 4700 വോട്ടുകള്‍ക്ക് മാത്രം വ്യത്യാസപ്പെട്ടിരിക്കുന്ന ബത്തേരിയിലടക്കം ആശങ്ക ഇരട്ടിയാണ്. എന്നാലും 2014 ല്‍ സത്യന്‍ മൊകേരി നടത്തിയ അതു പോലൊരു മല്‍സരമാണ് മുന്നണിയുടെ കണക്കു കൂട്ടല്‍
എല്‍ഡിഎഫ് വോട്ട് വിഹിതം
2014 സത്യന്‍ മൊകേരി– 38.92%
2019 പി.പി സുനീര്‍– 25.24%
2024 ആനി രാജ – 26.09%
പുതു മുഖം നവ്യ ഹരിദാസിനെ പരീക്ഷിച്ച എന്‍ ഡി എയുടെ പ്രതീക്ഷക്കും കുറവില്ല. ഘട്ടം ഘട്ടമായി നിലമെച്ചപ്പെടുത്തി വരുന്ന മുന്നണിക്ക് ഇത്തവണ കാര്യമായ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ തവണ നേടിയ 1.41 ലക്ഷം വോട്ട് നേട്ടം ആവര്‍ത്തിക്കാനായാല്‍ ബിജെപിക്ക് രാഷ്ട്രീയ വിജയമാകും. ശക്തി കേന്ദ്രങ്ങളില്‍ വോട്ടിങ് കുറഞ്ഞതും പാര്‍ട്ടിക്കുള്ളിലെ പോരും പരിചിതയല്ലാത്ത സ്ഥാനാര്‍ഥിയുമാണ് ബിജെപിയുടെ ആശങ്ക.
ഉപ തിരഞ്ഞെടുപ്പ് പോളിങ്
ആകെ രേഖപ്പെടുത്തിയ വോട്ട്– 952543 (64.72)
മാനന്തവാടി – 129669- 63.8%
സുല്‍ത്താന്‍ ബത്തേരി– 142591- 62.6%
കല്‍പ്പറ്റ – 137958_ 65.45%
തിരുവമ്പാടി– 122705...66.39%
ഏറനാട് – 128430--69.4%
നിലമ്പൂര്‍ – 140273 - 61.9%
വണ്ടൂര്‍ – 150917 - 64.4%
Also Read; മുനമ്പത്ത് രാഷ്ട്രീയമല്ല; വേണ്ടത് നിയമ പരിഹാരം
മണ്ഡലം രൂപീകരിച്ചതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2024 ഏപ്രീലിനേക്കാള്‍ 8.21 ശതമാനത്തിന്‍റെ കുറവ്. നാളെ കല്‍പ്പറ്റ എസ്.കെ.എം.ജെ യിലും നിലമ്പൂര്‍ അമല്‍ കോളജിലും കൂടത്തായി സെന്‍റ് മേരീസിലും വോട്ടെണ്ണും. ആദ്യ രണ്ടു മണിക്കൂറില്‍ തന്നെ വിധിയുടെ സ്വഭാവം അറിയാം.