കേരളത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ശക്തമായ ത്രികോണ മല്‍സരത്തിന് സാക്ഷിയായ ഇടമാണ് പാലക്കാട്. 18,724 വോട്ടിനാണ് ഇവിടുത്തെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം. ഈ വിജയത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ രാഹുലിന്റെ നാട്ടുകാരന്‍ കൂടിയായ അടൂര്‍ പ്രകാശ് എം.പിയാണ്. അദ്ദേഹത്തിനായിരുന്നു പാലക്കാട് മണ്ഡലത്തിന്റെ ചുമതല കെ.പി.സി.സി നല്‍കിയത്.
രാഷ്ട്രീയത്തിനപ്പുറം അടൂര്‍ പ്രകാശിന് ഈ ദൗത്യം തികച്ചും വ്യക്തിപരം കൂടിയായിരുന്നു. രാഹുലിന്റെ പിതാവ് രാജേന്ദ്ര കുറുപ്പ് യൂത്ത് കോണ്‍ഗ്രസില്‍ അടൂര്‍ പ്രകാശിന്റെ സഹപ്രവര്‍ത്തകനായിരുന്നു. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ്ക്ക് പിന്നാലെയാണ് രാഹുലിന്റെ പിതാവ് അകാലത്തില്‍ വിട പറയുന്നത്. മരിക്കുന്ന സമയത്ത് അന്നത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അടൂര്‍ പ്രകാശ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മരണത്തിന് പിന്നാലെ ആശുപത്രിയിയുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചു. രാഹുലിന് 2 വയസ് പ്രായമുള്ളപ്പോഴാണ് പിതാവ് മരിക്കുന്നത്. അച്ഛന്റെ ഖദര്‍ ധരിച്ചപ്പോള്‍ ലഭിച്ച സുരക്ഷിത്വമാണ് തന്നെ കോണ്‍ഗ്രസിലേക്ക് അടുപ്പിച്ചതെന്ന് രാഹുല്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.
നേരിട്ട മല്‍സരങ്ങളില്‍ ഒന്നിലും തോല്‍വി അറിയാതെയാണ് അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയ പ്രയാണം. കോന്നിയിലെയും ആറ്റിങ്ങലിലെയും ഇടതുകോട്ടകള്‍ തകര്‍ത്താണ് അദ്ദേഹം നിയമസഭയിലും പാര്‍ലമെന്റിലും എത്തിയത്. അതുകൊണ്ട് തന്നെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ ചുമതല കെ.പി.സി.സി അടൂര്‍ പ്രകാശിന് നല്‍കിയത്. അത് തെറ്റിയില്ല എന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം അദ്ദേഹം നേരിട്ട് വീടുകള്‍ കയറി വോട്ടര്‍മാരെ കണ്ടു. വൈകുന്നേരങ്ങളില്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. ഇടഞ്ഞു നിന്ന പ്രവര്‍ത്തകരെ ഒപ്പം കൂട്ടി. ഇടതുകോട്ടയായിരുന്ന കോന്നി മണ്ഡലം തുടര്‍ച്ചായി 22 വര്‍ഷമാണ് അടൂര്‍ പ്രകാശ് കൈപ്പിടിയില്‍ ഒതുക്കിയത്. എന്നാല്‍ 2019ലെ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം കൈവിട്ടു. അവിടെ സംഭവിച്ചത് പാലക്കാട് സംഭവിക്കരുതെന്ന് ഉറച്ച വാശി അദ്ദേഹത്തിന് ഉണ്ടായിരുന്നു.