പാലക്കാട് വിജയിക്കുമെന്ന് പ്രതീക്ഷിച്ചുവെന്ന് കെ.സുരേന്ദ്രന്‍. ഉപതിരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎക്ക് വോട്ട് കുറയുന്നത് ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ ഇ.ശ്രീധരന് ലഭിച്ച വോട്ടുകള്‍ മുഴുവന്‍ രാഷ്്ട്രീയ വോട്ടായിരുന്നില്ല. വോട്ടുകള്‍ കുറഞ്ഞതില്‍ ആത്മപരിശോധന നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. 

Read Also: മതേതരത്വത്തിന്‍റെ, കൂട്ടായ്മയുടെ, പാലക്കാടിന്‍റെ വിജയം: രാഹുല്‍ മാങ്കൂട്ടത്തില്‍

തോല്‍വി പഠിക്കുമെന്ന് ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറും പ്രതികരിച്ചു. ആത്മപരിശോധന നടത്തി പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് സി.കൃഷ്ണകുമാര്‍. അടിസ്ഥാന വോട്ടുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്, തോല്‍വി തിരിച്ചടിയല്ല. ഒരു വാരിയര്‍ക്കും ഫലത്തെ സ്വാധീനിക്കാനായിട്ടില്ല. ഇ.ശ്രീധരന് ലഭിച്ചത് രാഷ്ട്രീയാധീതമായ വോട്ടുകളെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിലെ വിജയം കൂട്ടായ്മയുടെ വിജയമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ഇത് ടീം വര്‍ക്കിന്റെ വിജയമാണ്, നേതാക്കന്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. എനിക്കായി പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നു. സ്ഥാനാര്‍ഥി എന്ന നിലയില്‍ താന്‍ ഭാഗ്യം കിട്ടിയ ആളെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു

ഷാഫി പറമ്പിലിന്‍റെയും വികെ ശ്രീകണ്ഠന്‍റെയും പേരുകള്‍ എടുത്തുപറഞ്ഞ രാഹുല്‍ തന്നെപ്പോലെ സാധാരണ പ്രവര്‍ത്തകനെ ചേര്‍ത്തുപിടിക്കുന്നത് സാധാരണക്കാര്‍ക്ക് പ്രസ്ഥാനത്തിലേക്ക് കടന്നുവരാന്‍ പ്രേരണയാകുമെന്നും പറഞ്ഞു. പാലക്കാടിന്‍റെ വിജയമാണ്, പാലക്കാട് ആഗ്രഹിച്ച വിജയമാണിതെന്നും കൂട്ടിച്ചേര്‍ത്തു. പാലക്കാട് ആഗ്രഹിച്ചത് മതേതരത്വത്തിന്‍റെ വിജയമാണ്. സി.പി.എമ്മും ബി.ജെ.പിയും വ്യക്തി അധിക്ഷേപം നിര്‍ത്തി രാഷ്ട്രീയം പറയണമെന്നും ഇത് തന്‍റെ അഭ്യര്‍ത്ഥന ആണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍‌ പറഞ്ഞു.

ENGLISH SUMMARY:

Expected to win Palakkad; Will do introspection: BJP