പാലക്കാട് താമര വിരിയും, അത് വോട്ടര്‍മാരുടെ നിശ്ചയം: സി.കൃഷ്ണകുമാര്‍ പാലക്കാട്ട് യുഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍. ഇക്കുറി താമര വിരിയും. എന്‍ഡിഎ എംഎല്‍എ വേണം എന്നത് പാലക്കാട്ടുകാരുടെ നിശ്ചയമാണ്. പിരായിരി, കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളില്‍ നല്ല മുന്നേറ്റമുണ്ടാകുമെന്ന് കൃഷ്ണകുമാര്‍ വോട്ടെണ്ണല്‍ ദിനത്തില്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് നഗരസഭയില്‍ മാത്രം ബിജെപി എണ്ണായിരം മുതല്‍ പതിനായിരം വരെ വോട്ടിന്‍റെ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പാലക്കാട്ടെ എല്ലാ ഘടകങ്ങളും ഇക്കുറി എന്‍ഡിഎയ്ക്ക് അനുകൂലമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയോട് എതിര്‍പ്പില്ല. യുഡിഎഫിന് അനുകൂലമായി വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടില്ലെന്നും കൃഷ്ണകുമാര്‍ അവകാശപ്പെട്ടു. കഴിഞ്ഞ തവണത്തേതുപോലെ സിപിഎം യുഡിഎഫിനെ സഹായിച്ചിട്ടുമില്ല. മുനമ്പം പാലക്കാട്ട് ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് വട്ടം എംഎല്‍എ ആയിരുന്ന ആളാണ് കഴിഞ്ഞ തവണ യുഡിഎഫിനുവേണ്ടി മല്‍സരിച്ചത്. ആ ആനുകൂല്യം ഇത്തവണ ഇല്ല. എംഎല്‍എ പാലക്കാട്ടുകാരെ പാതിവഴിയില്‍ ഉപേക്ഷിച്ചുപോയി എന്ന ചിന്ത ജനങ്ങള്‍ക്കുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഒന്‍പത് മണിയോടെ എന്‍ഡിഎ വിജയാഘോഷം തുടങ്ങുമെന്നും പ്രവര്‍ത്തകര്‍ തയ്യാറെടുത്തുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
184 ബൂത്തുകളാണ് പാലക്കാട്ടുള്ളത്. വിക്ടോറിയ കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍. സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടന്നതും പാലക്കാട്ടാണ്. ഷാഫി പറമ്പില്‍ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് യുഡിഎഫില്‍ ഷാഫിയുടെ പകരക്കാരാനാകാന്‍ മല്‍സരിക്കുന്നത്. വിവാദങ്ങള്‍ ഒന്നൊന്നായി പൊട്ടിയിറങ്ങിയ തിരഞ്ഞെടുപ്പ് എല്‍ഡിഎഫിനും ബിജെപിക്കും ഒരുപോലെ അഭിമാനപ്രശ്നമാണ്. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്കെത്തിയ പി. സരിനാണ് എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥി.