കഴിഞ്ഞ 28 കൊല്ലമായി എൽഡിഎഫിന് ഒപ്പം നിൽക്കുന്ന മണ്ഡലമാണ് ചേലക്കര. ഇത്തവണയും ആ കാറ്റ് ഗതിമാറി വീശിയില്ല. കെ.രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവച്ച ഒഴിവില്‍ ഇടത് സ്ഥാനാര്‍ഥി പ്രദീപ് തന്നെ മതിയെന്ന് ചേലക്കരയങ്ങ് തീരുമാനിച്ചു!
1965ലാണ് ചേലക്കരമണ്ഡലത്തിലെ ആദ്യതിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് കോൺഗ്രസ് സ്ഥാനാര്‍ഥി കെ.കെ.ബാലകൃഷ്ണൻ 106 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിക്കുന്നത്. 61,298 വോട്ടർമാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. 1996 വരെ ചേലക്കരയില്‍ സിപിഎമ്മും കോണ്‍ഗ്രസും മാറി മാറി വന്നു. 14 തിരഞ്ഞെടുപ്പിൽ എട്ടു തവണ സിപിഎം ജയിച്ചു; ആറു തവണ കോൺഗ്രസും. ഇതിൽ 5 തവണ കെ.രാധാകൃഷ്ണനും 4 തവണ കെ.കെ.ബാലകൃഷ്ണനുമായിരുന്നു വിജയികൾ.
1996ലാണ് കെ.രാധാകൃഷ്ണനെ ചേലക്കരയില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയായി സിപിഎം അവതരിപ്പിക്കുന്നത്. അവിടെ നിന്ന് ഇങ്ങോട്ട് സിപിഎമ്മിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2,323 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് 96ല്‍ രാധാകൃഷ്ണന്‍ ജയിക്കുന്നത്. 1996 മുതല്‍ 2011 വരെ ചേലക്കരക്കാരുടെ ഇടനെഞ്ചിലായിരുന്നു കെ. രാധാകൃഷ്ണന്‍. ഓരോ തവണയും ഭൂരിപക്ഷം വര്‍ധിച്ച് 2011ല്‍ 24,676 വരെയായി. 2016 ല്‍ ചേലക്കരയില്‍ യുആര്‍ പ്രദീപ് ആദ്യമായി മല്‍സരിച്ചു. കെ. രാധാകൃഷ്ണന്‍റെ ഭൂരിപക്ഷമില്ലെങ്കിലും മണ്ഡലത്തിൽ നിന്നുള്ള വ്യക്തിയായ പ്രദീപിനെ ചേലക്കരക്കാര്‍ കൈവിട്ടില്ല. 10,200 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ജയം. 2021ല്‍ ചേലക്കരയില്‍ വീണ്ടും കെ.രാധാകൃഷ്ണനെത്തി. ഭൂരിപക്ഷം കുത്തനെ ഉയര്‍ന്നു; 39,500!
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ.രാധാകൃഷ്ണന്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് എംപിയായതോടെയാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത് . ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ചേലക്കരയില്‍ യു.ആര്‍. പ്രദീപല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിയെ കുറിച്ച് സിപിഎം ആലോചിച്ചതുകൂടിയില്ല. അങ്ങിനെ ഒടുവില്‍ ചേലക്കരയില്‍ പ്രദീപിന് രണ്ടാമൂഴം.
ഉപതിരഞ്ഞെടുപ്പില്‍ 12,122 വോട്ടുകള്‍ക്കാണ് പ്രദീപിന്‍റെ ജയം. 2016ലെ തന്‍റെ 10,200 വോട്ടിന്‍റെ ഭൂരിപക്ഷം യുആര്‍ പ്രദീപ് മറികടന്നു. 2021ലെ രാധാകൃഷ്ണന്‍റെ ഭൂരിപക്ഷമായ 39,400ലേക്ക് എത്തിയില്ലെന്ന് മാത്രം. എങ്കില്‍പ്പോലും സ്വന്തം മണ്ഡലമായ ദേശമംഗലത്തടക്കം മികച്ച നേട്ടമാണ് പ്രദീപ് ഉണ്ടാക്കിയത്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ എല്ലാ ഘട്ടത്തിലും വ്യക്തമായ ലീഡ് പ്രദീപ് നിലനിര്‍ത്തി. അതേസമയം, യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനാകട്ടെ ഒരു പഞ്ചായത്തിലും മുന്നേറാനായതുമില്ല.