പാലക്കാട്ടെ കനത്ത തിരിച്ചടിക്ക് വര്‍ഗീയതയുടെ വിജയമെന്ന വാദമുയര്‍ത്തി സി.പി.എം പ്രതിരോധം. യു.ഡി.എഫിന്‍റെ വലിയ വിജയത്തിന് പിന്നില്‍ വര്‍ഗീയശക്തികളെന്ന് ഒറ്റക്കെട്ടായി വാദിക്കുകയാണ് സി.പി.എം. ഒപ്പം സരിനെ ദൃഢമായി ചേര്‍ത്തുപിടിക്കാനും നേതാക്കള്‍ ശ്രദ്ധിക്കുന്നു. വോട്ടിലെ നേരിയ വര്‍ധന പിടിവിള്ളിയാക്കി വലിയ തിരിച്ചടിയില്ലെന്ന് ന്യായീകരിക്കുമ്പോഴും, ചോര്‍ച്ച പരിശോധിക്കുമെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞു
കോണ്‍ഗ്രസില്‍ നിന്നും പി സരിനെ അടര്‍ത്തിയെടുത്ത് സ്വതന്ത്രനായി മത്സരിപ്പിച്ചിട്ടും, പെട്ടി, കള്ളപ്പണ ആരോപണം, വിവാദ പത്ര പരസ്യങ്ങള്‍ തുടങ്ങിയവയിലൂടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചിട്ടും എന്തുകൊണ്ട് മൂന്നാം സ്ഥാനം കൈവിട്ടില്ല. ഈ ചോദ്യത്തിന് സി.പി.എം നേതാക്കള്‍ക്ക് ഒറ്റ ഉത്തരമേയുള്ളൂ. സരിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പിഴവില്ലെന്നും നേതാക്കള്‍ ആവര്‍ത്തിക്കുന്നു.
സുന്നി മുഖപത്രങ്ങളില്‍ നല്‍കിയ വിവാദ പരസ്യത്തെ ബാലനും ജയരാജനും ന്യായീകരിച്ചപ്പോള്‍ പരസ്യത്തില്‍ തെറ്റിയെന്ന് എന്‍.എന്‍ കൃഷ്ണദാസ് തുറന്നുപറഞ്ഞു. വോട്ട് കൂടിയെന്ന വാദിക്കുമ്പോഴും പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെയുണ്ടായിട്ടുള്ള വോട്ട് ചോര്‍ച്ച പരിശോധിക്കുമെന്ന് ജില്ലാ നേതൃത്വം.
ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി മുതല്‍ ജമാഅത്തെ ഇസ്‌ലാമി–എസ്.ഡി.പി.ഐ ബന്ധമാരോപിച്ച് യു.ഡി.എഫിനെ ന്യൂനപക്ഷ വര്‍ഗീയ കൂട്ടുകെട്ടായി സി.പി.എം ചിത്രീകരിക്കുന്നുണ്ട്. പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ ആ പ്രചാരണം ഊര്‍ജ്ജിതമാക്കുകയാണ്. പാര്‍ട്ടിയില്‍ നിന്ന് അകലുന്ന ഹിന്ദു വോട്ടുകളെ പിടിച്ച് നിര്‍ത്താനുള്ള ശ്രമമായാണ് ഇത് വായിക്കപ്പെടുന്നത്.