ചേലക്കരയില്‍ രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വം പാളിയെന്ന് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃയോഗത്തില്‍ വിമര്‍ശനം. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ രമ്യയ്ക്കെതിരെ അഭിപ്രായം പറയുന്നതിന്റെ ഓഡിയോ വാട്സാപ്പില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ പ്രചരിപ്പിച്ചു. ചേലക്കരയിലെ തോല്‍വി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
രമ്യ ഹരിദാസ് ലോക്സഭയില്‍ തോറ്റതിനു പിന്നാലെ, ചേലക്കരയില്‍ മല്‍സരിപ്പിച്ചതിനെ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വം വിമര്‍ശിച്ചു. മാത്രവുമല്ല, 2019ല്‍ ലോക്സഭയില്‍ ജയിച്ച ശേഷം കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ ഗൗനിച്ചില്ലെന്ന ആക്ഷേപവും ഉന്നയിക്കപ്പെട്ടു. രമ്യയ്ക്കു പകരം നാട്ടുകാരനായ മറ്റൊരാള്‍ മല്‍സരിച്ചിരുന്നെങ്കില്‍ ചിത്രം മാറുമായിരുന്നു. കോണ്‍ഗ്രസിന്റെ പ്രാദേശിക വികാരം യോഗത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വം കൂട്ടായി ചര്‍ച്ച ചെയ്താണ് തീരുമാനിച്ചത്. രമ്യയെ സ്ഥാനാര്‍ഥിക്കിയ തീരുമാനത്തിന്റെ ഉത്തരവാദിത്വം നേതാക്കള്‍ ഏറ്റെടുക്കുകയാണ്. തൃശൂരിലെ സംഘടനാ ദൗര്‍ബല്യം ഒരു വര്‍ഷത്തിനകം പരിഹരിക്കും. ഡി.സി.സി. പ്രസിഡന്റിനെ ഉടന്‍ നിയമിക്കുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
രമ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം പാളിയിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും പറഞ്ഞു. ചേലക്കരയില്‍ സി.പി.എമ്മിന്റെ വോട്ട് ഇരുപത്തിയെണ്ണായിരം കുറയ്ക്കാന്‍ കഴിഞ്ഞത് നേട്ടമായെന്നാണ് വി.ഡി. സതീശന്റെ വിലയിരുത്തല്‍.