പാലക്കാട്ടെ തിരിച്ചടിയടക്കം ചര്‍ച്ച ചെയ്യാന്‍ മറ്റന്നാള്‍ കൊച്ചിയില്‍ ബി.ജെ.പി സംസ്ഥാന നേതൃയോഗം. പാലക്കാട്ട് ശോഭാ സുരേന്ദ്രനെ മല്‍സരിപ്പിക്കാത്തതും സന്ദീപ് വാരിയരെ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തതും നേതൃത്വത്തിനെതിരെ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് എതിര്‍ചേരി. പാലക്കാട്ട് വോട്ടുകുറഞ്ഞത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് വി. മുരളീധരന്‍ ഒഴിഞ്ഞുമാറിയതും ശ്രദ്ധേയമായി.
ബി.ജെ.പിക്ക് ഏറെ സ്വാധീനമുള്ള പാലക്കാട് മണ്ഡലത്തില്‍ പതിനായിരത്തിലേറെ വോട്ടുകുറഞ്ഞത് സംസ്ഥാന നേതൃയോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകും. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ത്തന്നെ ഉപതിരഞ്ഞെടുപ്പില്‍ ഇവിടെ ശോഭസുരേന്ദ്രനെ മല്‍സരിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. സംസ്ഥാന നേതൃത്വവും ആദ്യഘട്ടത്തില്‍ ഇതിനെ അനുകൂലിച്ചിരുന്നു. അതേസമയം ശോഭ സ്ഥിരമായി ഒരുമണ്ഡലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന വാദം ഉയര്‍ത്തിയാണ് സി.കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. ശോഭസുരേന്ദ്രന്‍ മല്‍സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്ന് ബിജെപി ദേശീയകൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍. മേല്‍ത്തട്ടില്‍ ചില പ്രശ്നങ്ങള്‍ വന്നുവെന്നും ശിവരാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
ബി.ജെ.പിഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ യു.ഡി.എഫിന് 4590 വോട്ടിന്റെ ലീഡ് ലഭിച്ചത് സംസ്ഥാന നേതൃത്വത്തെയും ഞെട്ടിച്ചു. നഗരസഭാ ഭരണത്തിന് എതിരായ വികാരവും കൃഷ്ണകുമാറിന് വോട്ടുകുറയാന്‍ കാരണമായി. സംസ്ഥാന നേതൃത്വത്തെ എപ്പോഴും അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്‍,, പാലക്കാട്ട് വോട്ടുകുറഞ്ഞതില്‍ പരോക്ഷമായി അതൃപ്തി രേഖപ്പെടുത്തി
എല്‍.ഡി.എഫ് –യു.ഡി.എഫ് സ്ഥാനാര്‍ഥികളെക്കുറിച്ച് വ്യക്തിപരമായ ആരോപണപത്യാരോപണങ്ങള്‍ അരങ്ങുവാണ പാലക്കാട് ഒരുരാഷ്ട്രീയ വിജയത്തിനുള്ള അവസരം നഷ്ടമാക്കിയെന്ന പൊതുവികാരമാകും സംസ്ഥാന നേതൃയോഗത്തില്‍ ഉയരുക. അതേസമയം വയനാട്,, കഴിഞ്ഞതിരഞ്ഞെടുപ്പിലെ വോട്ടുനിലനിര്‍ത്താനായതും ചേലക്കരയില്‍ വോട്ടുകൂടിയതും ചൂണ്ടിക്കാട്ടിയാകും ഒൗദ്യോഗിക പക്ഷം പ്രതിരോധിക്കുക.