വയനാട്ടിലെ വോട്ടിലുണ്ടായ കുറവ് സിപിഐ സംസ്ഥാന നേതൃത്വത്തെ പാർട്ടിക്കുള്ളിൽ പ്രതിക്കൂട്ടിലാക്കും. ആറു മാസത്തിനുള്ളിൽ നടന്ന തിരഞ്ഞെടുപ്പിൽ 71,616 വോട്ടിന്റെ കുറവുണ്ടായത് പാർട്ടി നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്. സിപിഎം ചേലക്കരയും പാലക്കാടും മാത്രം ശ്രദ്ധിക്കുകയും വയനാടിനെ അവഗണിക്കുകയും ചെയ്യാൻ കാരണം പാർട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗത്തിൽ ശക്തമാണ്.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ തോറ്റതിന് പൂരം കലക്കിയ പൊലീസിനെ കുറ്റം പറയാമെങ്കിലും വയനാട്ടിൽ വോട്ട് കുറഞ്ഞതിന് പാർട്ടി നേതൃത്വം സ്വയം കുറ്റമേൽക്കേണ്ടി വരും. അല്ലെങ്കിൽ ഇനി വരുന്ന പാർട്ടി സംസ്ഥാന എക്സിക്യുട്ടീവിലും കൗൺസിലിലും പാർട്ടി നേതൃത്വത്തിന് മേൽ ചോദ്യങ്ങളുയരും. വയനാട്ടിൽ പരാജയം ഉറപ്പായിരുന്നെങ്കിലും രാഹുൽ ഗാന്ധിക്കെതിരെ ആനി രാജയ്ക്ക് കിട്ടിയതിൽ 71616 വോട്ടുകളാണ് ചോർന്നു പോയത്. വിജയ സാധ്യതയില്ലാത്ത മണ്ഡലത്തിൽ മുതിർന്ന നേതാവായ സത്യൻ മൊകേരിയേ സ്ഥാനാർഥിയാക്കിയതും ചോദ്യം ചെയ്യപ്പെടും. Also Read: വയനാടന്‍ ഹൃദയം തൊട്ട് പ്രിയങ്ക; ജയത്തോടെ തുടക്കം; രാഹുലിന്‍റെ ഭൂരിപക്ഷവും മറികടന്നു
ബിജെപി ചെയ്തത് പോലെ യുവനിരയെ ഇറക്കി ഭാവിയിലക്ക് സജ്ജമാകണമായിരുന്ന എന്നഭിപ്രായം പാർട്ടിക്കുള്ളിൽ ശക്തമാണ്. രാഹുൽ ഗാന്ധിക്കെതിരെ മൽസരിച്ച ആനി രാജയ്ക്ക് ലഭിച്ചതിൽ 90 ശതമാനവും പാർട്ടി - മുന്നണി വോട്ടുകൾ ആയിരുന്നുവെന്നാണ് കണക്കാക്കുന്നത് . അങ്ങനെ വന്നാൽ കഴിഞ്ഞ തവണ ആനി രാജയ്ക്ക് കിട്ടിയ സിപിഎം - സിപിഐ വോട്ടുകൾ പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചുവെന്നാണ് പാർട്ടി നേതാക്കളുടെ വിലയിരുത്തൽ. ബിജെപിക്കും വോട്ട് കുറഞ്ഞത് മാത്രമാണ് സിപിഐയുടെ ഏക ആശ്വാസം.