പാലക്കാട്ടെ തോൽവിയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ വിമർശിച്ച് സംസ്ഥാന സമിതി അംഗവും പാലക്കാട് നഗരസഭാധ്യക്ഷയുമായ പ്രമീള ശശിധരൻ. ജനങ്ങൾക്ക് ഇഷ്ടമില്ലാത്ത സ്ഥാനാർഥിയെ സ്വന്തം താൽപര്യ പ്രകാരം മാത്രം മൽസരിപ്പിച്ചിട്ട് പരാജയ കാരണം നഗരസഭയുടെ തലയിൽ കെട്ടിവയ്ക്കേണ്ടതില്ല. സി.കൃഷ്ണ കുമാറിനെ ഇഷ്ടമില്ലാതിരുന്നിട്ടും കൗൺസിലർമാർ ആത്മാർഥമായി പ്രവർത്തിച്ചു. സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടും തിരുത്താൻ തയാറായില്ലെന്നും പ്രമീള ശശിധരൻ മനോരമ ന്യൂസിനോട്.

കൃഷ്ണകുമാര്‍ മോശം സ്ഥാനാര്‍ഥിയെന്ന് ആദ്യമേ തന്നെ പറഞ്ഞിരുന്നതാണ്. സ്ഥാനാര്‍ഥിയുടെ പിഴവ് കൊണ്ട് തന്നെയാണ് പരാജയമുണ്ടായത്. കെ.സുരേന്ദ്രന്റെ താൽപര്യം കൊണ്ട് മാത്രം സി.കൃഷ്ണകുമാർ സ്ഥാനാർഥിയായെന്നാണ് കരുതുന്നത്. കൃഷ്ണകുമാർ മോശം സ്ഥാനാർഥിയെന്ന് നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. അത് അവര്‍ ഉള്‍ക്കൊണ്ടിരുന്നില്ലെന്നും  പ്രമീള ശശിധരന്‍ പറഞ്ഞു. 

സന്ദീപ് വാരിയറെ ഇഷ്ടപ്പെടുന്നവര്‍ പാര്‍ട്ടിയിലുണ്ടാവാം

പരാജയത്തിന്റെ ഉത്തരവാദിത്തം നഗരസഭയുടെയോ കൗൺസിലർമാരുടെയോ തലയിൽ കെട്ടിവയ്ക്കാന്‍ ശ്രമിക്കേണ്ട. ഏത് തിരഞ്ഞെടുപ്പ് വന്നാലും ഒരു സ്ഥാനാര്‍ഥിയേ നിങ്ങള്‍ക്കുള്ളൂ എന്നായിരുന്നു വോട്ടര്‍മാരുടെ ചോദ്യം. താല്‍പര്യമില്ലാതിരുന്നിട്ടും കൗണ്‍സിലര്‍മാര്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു.യൂസര്‍ ഫീ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്കാരങ്ങളാണ്. നഗരസഭ ഭരണത്തില്‍ നേരത്തെ ചില പോരായ്മകളുണ്ടായിരുന്നുവെന്നും സന്ദീപ് വാരിയറെ ഇഷ്ടപ്പെടുന്നവര്‍ പാര്‍ട്ടിയിലുണ്ടാവാമെന്നും പ്രമീള ശശിധരന്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Prameela Sasidharan against K Surendran