പാലക്കാട്ടെ തോല്‍വിയുടെ പേരിലെ പൊട്ടിത്തെറിക്കിടെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. പാലക്കാട്ടെ ഉള്‍പ്പെടെ 40 നേതാക്കളുടെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എം.പിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി വിമതര്‍ ആശയവിനിമയം നടത്തി. വിഭാഗീയ നീക്കം നടത്തിയവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയിലെ ഒരു വിഭാഗം ആസൂത്രിതനീക്കം നടത്തിയെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെയും വിലയിരുത്തല്‍.
അതിനിടെ കൃഷ്ണകുമാറിന് പതിനായിരത്തിലേറെ വോട്ടുകുറഞ്ഞതിനെക്കുറിച്ച് പരസ്യമായി പ്രതികരിച്ച പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍, ബിജെപി ദേശീയകൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടായേക്കും. ഇരുവരോടും വിശദീകരണം തേടും. പാലക്കാട്ട് തിരുത്തല്‍പ്രക്രിയയുടെ ഭാഗമായി പ്രഭാരി വി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് എന്നിവര്‍ക്കും വരുദിവസങ്ങളില്‍ സ്ഥാനചലനമുണ്ടായേക്കും. പാലക്കാട് വോട്ടുകുറഞ്ഞതിന് കാരണം നഗരസഭാഭരണത്തിന്റെ പിടിപ്പുകേടെന്ന് ചൂണ്ടിക്കാട്ടി ബിജെപി ജില്ലാകമ്മിറ്റിയുടെ റിപ്പോര്‍ട്ട് മനോരമ ന്യൂസ് ഇന്നലെ രാവിലെ പുറത്തുവിട്ടതിന് പിന്നാലെയാണ് എന്‍.ശിവരാജനും പ്രമീളദേവിയും പരസ്യപ്രതികരണവുമായി രംഗത്തുവന്നത്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ നേതാക്കളുടെ പരസ്യപ്രതികരണങ്ങളും നേതൃത്വം വിലക്കി
കണ്ണാടിയിലും മാത്തൂരിലും ശോഭയുടെ ഡ്രൈവര്‍ വോട്ടുമറിക്കാന്‍ ശ്രമിച്ചതിന് തെളിവായി ഔദ്യോഗിക വിഭാഗം ശബ്ദരേഖ നല്‍കും. നഗരസഭ കൗണ്‍സിലര്‍മാര്‍ പ്രചാരണത്തോട് മുഖംതിരിച്ചത് ശോഭയുടെ നിര്‍ദേശപ്രകാരമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പാലക്കാട്ടേക്ക് കുമ്മനം തയ്യാറാക്കിയ സാധ്യതാ പട്ടികയില്‍ കെ. സുേരന്ദ്രനും ശോഭ സുരേന്ദ്രനും സി. കൃഷ്ണകുമാറുമാണ് ഉണ്ടായിരുന്നത്. കൃഷ്ണകുമാര്‍ ഒഴികെയുള്ള രണ്ടുപേരും മല്‍സരിക്കാന്‍ തയ്യാറായില്ലെന്നായിരുന്നു സുരേന്ദ്രന്റെ വാദം. അതേസമയം, തിരിച്ചടി കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് പി.കെ. കൃഷ്ണദാസ്– എംടി രമേശ് വിഭാഗത്തിന്റെ ആവശ്യം.
എന്നാല്‍ വോട്ടുകള്‍ മറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്തുവെന്നും ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് നഗരസഭ പിടിക്കുകയാണ് തന്‍റെ മുന്നിലെ അടുത്ത അജന്‍ഡയെന്നും ഒരു സീറ്റെങ്കിലും അധികം നേടാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയാണെന്നും പറഞ്ഞ അവര്‍ ബിജെപിക്കെതിരെ പുറത്തുവരുന്നത് ആധികാരികത ഇല്ലാത്ത വാര്‍ത്തകളാണെന്നും അവകാശപ്പെട്ടു.