ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എ.ഡി.ജി.പി മനോജ് എബ്രഹാം തള്ളി. വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇ.പി. ഉള്‍പ്പെടെയുള്ളവരുടെ മൊഴികളില്‍ വ്യക്തതക്കുറവുണ്ടെന്നും കണ്ടെത്തി. വിവാദം വീണ്ടും അന്വേഷിക്കാന്‍ കോട്ടയം എസ്.പിക്ക് എ.ഡി.ജി.പി മനോജ് എബ്രഹാം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ഇ.പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പൊലീസ് തുടര്‍ നടപടി സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രവി ഡി.സിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്നും സംഭവത്തില്‍ പാര്‍ട്ടിതല അന്വേഷണം ഉണ്ടായിട്ടില്ലെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കിയത്. ഇപി പറഞ്ഞത് പാര്‍ട്ടി പൂര്‍ണമായും വിശ്വസിക്കുകയാണ്. വിവാദം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ആത്മകഥയെക്കുറിച്ച് പത്രത്തില്‍ വാര്‍ത്ത വന്നത് ആസൂത്രിതമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് നേരത്തെ പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിയെ പരാജയപ്പെടുത്താനുള്ള നീക്കമാണ് നടന്നത്. അതുവഴി തന്നെ തകര്‍ക്കാനുള്ള ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. പ്രസാധകര്‍ പാലിക്കേണ്ട മര്യാദ ഡി.സി ബുക്സ് പാലിച്ചില്ല. ഒരു കോപ്പിയും ഒരാള്‍ക്കും കൊടുത്തിട്ടില്ല. പ്രസിദ്ധീകരിക്കുന്നതിനായി ഡിസിബുക്സ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഞാന്‍ പറഞ്ഞു ഇത് പൂര്‍ത്തിയായിട്ടില്ല. പൂര്‍ത്തിയായാല്‍ എന്തുവേണമെന്ന് അപ്പോള്‍ ആലോചിച്ച് ചെയ്യാം എന്നാണ് പറഞ്ഞതെന്നും ഇപി വിശദീകരിച്ചു.
വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സിപിഎമ്മിനെ വെട്ടിലാക്കി ജയരാജന്‍റേത് എന്നവകാശപ്പെട്ടുള്ള ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്തുവന്നത്. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിന്‍ അവസരവാദിയാണെന്നായിരുന്നു പരാമര്‍ശങ്ങളിലൊന്ന്. 'കട്ടന്‍ചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റിന്‍റെ ജീവിതം’ എന്ന പേരാണ് ആത്മകഥയ്ക്ക് നല്‍കിയിരുന്നത്. യുഡിഎഫില്‍ സ്ഥാനാര്‍ഥിത്വം കിട്ടാതായപ്പോള്‍ ഇരുട്ടി വെളുക്കും മുന്‍പുള്ള മറുകണ്ടംചാടലാണ് സരിന്റേതെന്നും പുസ്തകത്തില്‍ എഴുതിയിരുന്നു.
സ്വതന്ത്രര്‍ വയ്യാവേലിയായ സന്ദര്‍ഭമുണ്ടെന്നും പി.വി.അന്‍വര്‍ അതിന്റെ പ്രതീകമാണെന്നും പരാമര്‍ശമുണ്ട്. പേജുകളുടേതെന്ന് കരുതുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. പിന്നാലെ താന്‍ ആത്മകഥ എഴുതുന്നുണ്ടെന്നും എന്നാല്‍ ഇങ്ങനെയൊരു പേര് അതിന് നല്‍കിയിട്ടില്ലെന്നും പൂര്‍ത്തിയായിട്ടില്ലെന്നും ഇപി മാധ്യമങ്ങളോട് വിശദീകരിച്ചു. പുസ്തകത്തിലേതെന്ന പേരില്‍ പുറത്തുവന്ന ഭാഗങ്ങള്‍ താന്‍ എഴുതിയതല്ലെന്നും ഇപി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിക്കുള്ളിലും ഇപി ഇക്കാര്യത്തില്‍ വിശദീകരിച്ചു. ഇപിയെ വിശ്വസിക്കുന്നുവെന്നായിരുന്നു സിപിഎം നിലപാടെടുത്തത്.