പാര്‍ട്ടിക്ക് യോജിക്കാത്ത ഏതു പ്രവണതയേയും പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി. കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും പാര്‍ട്ടിക്ക് അപമാനമല്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെ ചേരിതിരിവ് പാര്‍ട്ടിക്ക് തലവേദനയായതോടെയാണ് കടുത്ത നിലപാടിലേക്ക് സിപിഎം സംസ്ഥാന നേതൃത്വം നീങ്ങുന്നത്.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിടുകയും ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രകടനം നടക്കുകയും ചെയ്തത് കനത്ത നാണക്കേടായതോടെയാണ് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിടേണ്ടി വന്നത്. എന്നാല്‍ ഒറ്റപ്പെട്ടസംഭവമാണെന്നും അപമാനമല്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാദം. കരുനാഗപ്പള്ളിക്ക് സമാനമായ പരസ്യപോര് ഇനിയും ഉണ്ടായേക്കാമെന്ന സംശയത്തില്‍ ചേരിപോര് എങ്കില്‍ കടുത്ത നടപടിയെന്നാണ് സംസ്ഥാന സെക്രട്ടറിയുടെ മുന്നറിയിപ്പ്. Also Read: കരുനാഗപ്പള്ളി സിപിഎമ്മിലെ കലഹം തീരുമോ?; അച്ചടക്കനടപടിക്ക് സാധ്യത...
കരുനാഗപ്പള്ളിയിലെ തര്‍ക്കങ്ങളില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ശേഷം നടപടിയെന്ന് സൂചനയും എം വി ഗോവിന്ദന്‍ നല്‍കി. അഡ്ഹോക്ക് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാവും നടപടി. കൊഴിഞ്ഞാമ്പാറയില്‍ ആരെങ്കിലും കണ്‍വെന്‍ഷന്‍ നടത്തിയാല്‍ അത് എങ്ങനെ സമാന്തര കണ്‍വെന്‍ഷനാവുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി. പൂണിത്തുറയിലെ തര്‍ക്കങ്ങളെയും ഒറ്റപ്പെട്ട സംഭവമായി വ്യാഖിക്കുകയാണ് സിപിഎം . എന്നാല്‍ ബ്രാഞ്ച് സമ്മേളനങ്ങളില്‍ തുടങ്ങിയ വിഭാഗീയത് ജില്ലാ സമ്മേളനങ്ങളിലേക്ക് നീങ്ങിയാല്‍ അത് പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാവും