കേരള കോൺഗ്രസ് എമ്മിന്റെ യുഡിഎഫ് മുന്നണി പ്രവേശന ചർച്ചകൾ സജീവം. പാലാ,  കടുത്തുരുത്തി  നിയമസഭാ സീറ്റുകൾ സംബന്ധിച്ച് ധാരണയായാൽ യുഡിഎഫിലേക്ക് തിരിച്ചുവരാമെന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ നിലപാട്. റബർ വിലസ്ഥിരത ഫണ്ടും കാരുണ്യ പദ്ധതിയും ഇടതുപക്ഷ സർക്കാരിന് കീഴിൽ അട്ടിമറിക്കപ്പെട്ടതിൽ കേരള കോൺഗ്രസ് എമ്മിൽ  അതൃപ്തി പുകയുമ്പോഴാണ് യുഡിഎഫിൽ നിന്നുള്ള അനൗദ്യോഗിക ചർച്ചകൾക്ക് വഴി തുറക്കുന്നത്.

പ്രത്യക്ഷത്തിൽ ഇത് കേന്ദ്രസർക്കാരിനെതിരെയുള്ള  പ്രതിഷേധമാണെങ്കിലും വില സ്ഥിരതാ ഫണ്ട് പദ്ധതി നടപ്പിലാക്കിയാൽ  റബർ പ്രതിസ്സന്ധിക്ക്   പരിഹാരം കണ്ടെത്താൻ  കഴിയുമെന്നിരിക്കെ  സംസ്ഥാന സർക്കാർ തുടരുന്ന അലംഭാവത്തിൽ അതൃപ്തരാണ്  കേരള കോൺഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ  ഭരണവിരുദ്ധ വികാരത്തിന്റെ ചൂട് അറിഞ്ഞ കേരള കോൺഗ്രസ് എം  വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ  അണികളെയും പ്രവർത്തകരെയും ബോധ്യപ്പെടുത്താൻ നന്നായി ബുദ്ധിമുട്ടും.

ക്രൈസ്തവ മതമേലധ്യക്ഷൻമാരുടെ കൂടെ ഇടപെടലിലാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. മുസ്ലിംലീഗിന്റെ മധ്യസ്ഥതയിൽ  പലവട്ടം അനൗദ്യോഗിക ചർച്ചകൾ നടന്നതായി കേരള കോൺഗ്രസ് എം വൃത്തങ്ങൾ സമ്മതിക്കുന്നു. അറ്റകൈക്ക് ജോസ് കെ. മാണിയെ മലബാറിൽ നിർത്തി ജയിപ്പിക്കാനുള്ള നീക്കങ്ങൾക്കും ചരടുവലി നടന്നതായി സൂചനയുണ്ട്.

പാലാ സീറ്റിൽ ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് ജോസ് കെ മാണി തയ്യാറാല്ലെങ്കിലും സീറ്റ്  കേരള കോൺഗ്രസ് എമ്മിന് തന്നെ വേണമെന്നതാണ് മുന്നോട്ടുവയ്ക്കുന്ന ഉപാധി. പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്ന മാണി സി കാപ്പനെ തള്ളാൻ  യുഡിഎഫിന് താൽപര്യവുമില്ല. പാലായിൽ തട്ടി പലതവണ ചർച്ച ധാരണയിൽ എത്താതെ പിരിഞ്ഞെങ്കിലും ചർച്ചകൾ ഉപേക്ഷിച്ചിട്ടില്ല. അതേസമയം, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുന്നണി മാറുന്നത് പതിവാക്കിയാൽ അത് വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്ന അഭിപ്രായവും പാർട്ടിയിൽ ഉയർന്നതോടെ കരുതലോടെയാണ് ഓരോ ചുവടും.

ENGLISH SUMMARY:

Discussions are active regarding the re entry of Kerala Congress M into the UDF