അവിശ്വാസ പ്രമേയത്തിൽ പുറത്താകും എന്ന് ഉറപ്പായതോടെ ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലെ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു. എൽഡിഎഫ് അവിശ്വാസത്തെ യുഡിഎഫിനൊപ്പം മൂന്ന് ബിജെപി കൗൺസിലർമാരും പിന്തുണയ്ക്കുമെന്ന് ഉറപ്പായത്തോടെയാണ് രാജി. വ്യക്തിപരമായ കാരണങ്ങളാൽ ആണ് രാജി എന്നാണ് അധ്യക്ഷയുടെയും ബിജെപിയുടെയും വിശദീകരണം.
അധ്യക്ഷ സുശീല സന്തോഷും ഉപാധ്യക്ഷ യു രമ്യയുമാണ് ഇന്ന് രാജി സമർപ്പിച്ചത്. എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയ നോട്ടിസിൽ സ്വതന്ത്രനും ബിജെപിയുടെ കൗൺസിലർ കെവി പ്രഭയും ഒപ്പിട്ടിരുന്നു. യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും മറ്റ് രണ്ട് ബിജെപി കൗൺസിലർമാർ കൂടി അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് ഉറപ്പാവുകയും ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് ഇടപെട്ടിട്ടും സമവായ നീക്കം പാളി. ഇതോടെയാണ് രാജി. അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത് എന്നായിരുന്നു അധ്യക്ഷയുടെ പ്രതികരണം. ഭരണത്തിൽ ബിജെപി തിരിച്ചുവരും എന്നായിരുന്നു ജില്ലാ പ്രസിഡന്‍റിന്‍റെ പ്രതികരണം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി അട്ടിമറി വിജയം നേടിയ നഗരസഭയാണ് പന്തളം. പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയായിരുന്ന കൃഷ്ണകുമാറിനായിരുന്നു പന്തളം നഗരസഭയുടെ പാർട്ടി ചുമതല. പ്രശ്നങ്ങൾക്ക് കാരണം കൃഷ്ണകുമാർ എന്ന മട്ടിൽ ബിജെപിയുടെ കൗൺസിലർമാർ അടക്കം തിരിഞ്ഞിരുന്നു. പട പേടിച്ചു പന്തളത്ത് ചെന്നപ്പോൾ പന്തളം ബാലന്റെ ഗാനമേള എന്നായിരുന്നു കൃഷ്ണകുമാറിനെ പരിഹസിച്ച് മുൻ ബിജെപി നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.