കണ്ണൂർ മാടായി കോളജിൽ എംകെ രാഘവൻ എംപിയെ തടഞ്ഞ കോൺഗ്രസ് പ്രവർത്തകരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. മാടായി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ പി ശശി, ബ്ലോക്ക് സെക്രട്ടറി വരുൺ കൃഷ്ണൻ, ഡിസിസി എക്സിക്യൂട്ടീവ് അംഗം കാപ്പാടൻ ശശിധരൻ, കുഞ്ഞുമംഗലം ബ്ലോക്ക് പ്രസിഡണ്ട് കെവി സതീഷ് കുമാർ എന്നിവരെയാണ് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് സസ്പെൻഡ് ചെയ്തത്. പൊതുജനമധ്യത്തിൽ പാർട്ടിക്ക് അപമാനം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പയ്യന്നൂര്‍ കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലുള്ള മാടായി കോളജില്‍ ഇന്ന് രാവിലെയാണ് നാടകീയ സംഭവങ്ങള്‍. അധ്യാപക നിയമനത്തിനുള്ള ഇന്‍റര്‍വ്യൂ നിരീക്ഷിക്കാനെത്തിയതായിരുന്നു കോഴിക്കോട് എംപി എം.കെ രാഘവന്‍. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാരുടെ പ്രതിഷേധച്ചൂടറിഞ്ഞ് രാഘവന് ഒടുവില്‍ മടങ്ങിപ്പോകേണ്ടിവന്നു. 

കോളജിലെ ഇന്‍റര്‍വ്യൂ ഹാളിലേക്ക് കയറാനും പ്രതിഷേധക്കാര്‍ ശ്രമിച്ചു. എന്നാല്‍, പൊലീസ് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകനായ സഹോദരിയുടെ മകനെ അധ്യാപകനായി നിയമിക്കാന്‍ എം.കെ രാഘവന്‍ ലക്ഷങ്ങള്‍ കോഴവാങ്ങിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. മാടായി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസി‍ഡന്‍റ് കെ.പി ശശി, ഡിസിസി എക്സിക്യൂട്ടീവ് അംഗം കാപ്പാടന്‍ ശശിധരന്‍ അടക്കം അമ്പതോളം പ്രവര്‍ത്തകരാണ് കോളജില്‍ പ്രതിഷേധിച്ചത്. സംഭവത്തെ കുറിച്ച് അറിയില്ലെന്നും പ്രതിഷേധിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ലെന്നുമാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്.

ENGLISH SUMMARY:

Congress workers who obstructed MP M.K. Raghavan at the Madayi College in Kannur have been suspended from primary membership.