സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം. വിഭാഗീയത രൂക്ഷമായതിനെത്തുടര്‍ന്ന് ഏരിയാകമ്മിറ്റി പിരിച്ചുവിട്ട കരുനാഗപ്പളളിയിലെ പ്രതിനിധികള്‍ ഇല്ലാതെയാണ് ജില്ലാ സമ്മേളനം നടത്തുക. പിബി അംഗം എം.എ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
കരുനാഗപ്പളളിയിലെ തമ്മിലടി സമ്മേളനകാലത്ത് പാര്‍ട്ടിക്ക് മങ്ങലേല്‍പ്പിച്ചെങ്കിലും സംസ്ഥാനനേതൃത്വത്തിന്‍റെ കൃത്യമായ ഇടപെടലില്‍ മുഖം മിനുക്കാനായെന്നാണ് വിലയിരുത്തല്‍. കൊട്ടിയം മയ്യനാട് ധവളക്കുഴിയിലെ എന്‍എസ് പഠന ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പതിനേഴ് ഏരിയകളിലെ 450 പ്രതിനിധികൾ പങ്കെടുക്കും.
കരുനാഗപ്പളളിയിലെ രണ്ടു ലോക്കല്‍സമ്മേളനങ്ങളും ഏരിയാസമ്മേളനവുമാണ് നടക്കാതെ പോയതെന്ന് ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ പറഞ്ഞു. പുതിയ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുക്കും. എസ്. സുദേവന്‍ മൂന്നാമതും ജില്ലാ സെക്രട്ടറിയാകാന്‍ സാധ്യതയില്ല. 52,643 പേര്‍ക്കാണ് ജില്ലയില്‍ പാർട്ടി അംഗത്വമുളളത്. മൂന്നു വർഷത്തിനിടെ ജില്ലയില്‍ 5,290 അംഗങ്ങളും 152 ബ്രാഞ്ചുകളും വർധിച്ചു. 12 ന് വൈകിട്ട് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിന്‍റെ ഉദ്ഘാടകന്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ്. സംസ്ഥാന സമ്മേളനം മാർച്ച് 6 മുതൽ 9 വരെ കൊല്ലത്താണ് നടക്കുന്നത്.