കൊല്ലത്ത് ചിന്നക്കട റെയില്‍വേ ഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേയ്ക്കെതിരെ സമരത്തിന് തുടക്കമിട്ട് സിപിഎം. റെയില്‍വേ ഗേറ്റിന്റെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കും കോർപറേഷൻ പണം നല്‍കണമെന്ന് റെയില്‍വേ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിയായത് . കോര്‍പറേഷനുമായുളള കരാറിന്റെ രേഖകള്‍ റെയില്‍വേയോട് ചോദിച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
അറ്റകുറ്റപ്പണിയുടെ പേരില്‍ ഡിസംബര്‍ ഒന്‍പതിനാണ് ചിന്നക്കട റെയില്‍വേ ഗേറ്റ് അടച്ചത്. നഗരഹൃദയത്തിലെ തിരക്കുളള സ്ഥലമായതിനാല്‍ രണ്ടോ മൂന്നോ ദിവസത്തിളളില്‍ ഗേറ്റ് തുറക്കുമെന്നായിരുന്നു എല്ലാവരും കരുതിയതെങ്കിലും ഇപ്പോഴിത് കോര്‍പറേഷനുമായുളള തര്‍ക്കമായി. റെയില്‍വേ ഗേറ്റിന്റെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കും ഒരുകോടി തൊണ്ണൂറു ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മേയ് അഞ്ചിന് കോര്‍പറേഷന് റെയില്‍വേ കത്ത് നല്‍കിയിരുന്നു.
പണം നല്‍കാത്തതിനാല്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ ഗേറ്റ് പൂട്ടി കോര്‍പറേഷന് റെയില്‍വെയുടെ പണി. 1995 ല്‍ 46 ലക്ഷം രൂപ റെയില്‍വേയ്ക്ക് കൊടുത്തിട്ടുണ്ടെന്നും അതില്‍ വരവുവച്ചാല്‍ മതിയെന്നുമാണ് മേയര്‍ പറയുന്നത്. ഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സി െഎടിയു തുടങ്ങിവച്ച സമരം സിപിഎം ഏറ്റെടുത്തു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയും നഗരത്തില്‍ പലയിടത്തും റെയില്‍വേയും കോര്‍പറേഷനും തമ്മില്‍ തര്ക്കമുണ്ട്.