കോണ്‍ഗ്രസിലെ നേതൃമാറ്റ ചര്‍ച്ചകള്‍ തള്ളി കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും. നേതൃമാറ്റം മാധ്യമസൃഷ്ടിയെന്ന് കെ.സുധാകരന്‍ ഉറപ്പിച്ച് പറഞ്ഞു. താനറിഞ്ഞ് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പറഞ്ഞ വി.ഡി.സതീശന്‍, നേതൃമാറ്റത്തിലെ നിലപാട് പാര്‍ട്ടിയില്‍ പറഞ്ഞോളാമെന്നും പ്രതികരിച്ചു. പ്രതിപക്ഷനേതാവിനെതിരെ പറഞ്ഞിട്ടില്ലെന്ന് അവകാശപ്പെട്ട് ചാണ്ടി ഉമ്മനും വിവാദത്തില്‍ മലക്കംമറിഞ്ഞു.
പാലക്കാടും വയനാട്ടിലും വന്‍ വിജയം. സംസ്ഥാന ഭരണം തിരിച്ചുപിടിക്കാമെന്ന ആവേശത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍. ഇതിനിടെ പാര്‍ട്ടി തലപ്പത്ത് കലഹമെന്ന പ്രതീതി സൃഷ്ടിക്കുന്നത് തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് വിലങ്ങിടാന്‍ നേതൃത്വം തന്നെയിറങ്ങിയത്. തന്‍റെ സ്ഥാനമാറ്റത്തില്‍ ഒരു ചര്‍ച്ചയുമില്ലെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു കെ.സുധാകരന്‍.
പ്രതിപക്ഷനേതാവിനും ഇതേ അഭിപ്രായമാണ്. പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും തന്റെ അറിവിലില്ല. എന്നാല്‍ കെ.സുധാകരനെ മറയാക്കി ചിലര്‍ തന്നെയും ലക്ഷ്യംവെക്കുന്നത് വി.ഡി.സതീശന്‍ തിരിച്ചറിയുന്നുണ്ട്. അതിനുള്ള മറുപടിയും നേതൃമാറ്റത്തിലെ നിലപാടും പറയേണ്ടപ്പോള്‍ പറയേണ്ടിടത്ത് പറയുമെന്നും സതിശന്‍. തന്നെ അവഗണിക്കുന്നൂവെന്ന് ആരോപിച്ച് ഇന്നലെ വിവാദത്തിന് തുടക്കമിട്ട ചാണ്ടി ഉമ്മന്‍ ഇന്ന് പാതി തിരുത്തി. പാലക്കാട് ചുമതല നല്‍കാത്തതിലെ വിഷമം മാത്രമാണ് പറഞ്ഞത് പ്രതിപക്ഷനേതാവിനെതിരെയല്ലന്നാണ് തിരുത്ത്. നേതൃമാറ്റ ചര്‍ച്ചകള്‍ നേതൃത്വം അവസാനിപ്പിക്കാന്‍ ശ്രമിച്ചാലും അണിയറയില്‍ കരുനീക്കങ്ങള്‍ തുടരും.