വ്യാജ കാഫീർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടെന്ന് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി.വിവിധ സാമൂഹമാധ്യമ ഗ്രൂപ്പുകളിൽ പോസ്റ്റ് പ്രചരിപ്പിച്ച മനീഷ്, അമൽ റാം, റിബേഷ്, വഹാബ് എന്നിവരെ എന്തുകൊണ്ട് കേസിൽ പ്രതി ചേർത്തില്ല എന്നാണ് കോടതി പ്രോസിക്യൂഷനോട് ചോദിച്ചത്. വ്യാജ സ്ക്രീൻഷോട്ട് കേസിലെ കേസ് ഡയറി ഇന്ന് പൊലീസ് കോടതിയിൽ ഹാജരാക്കി. കേസ് ഡിസംബർ 20 ന് വീണ്ടും പരിഗണിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്നാണ് വടകര മണ്ഡലത്തിൽ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത്. റെഡ് എന്‍കൗണ്ടര്‍, റെഡ് ബറ്റാലിയന്‍ എന്നീ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലൂടെ ആണ് കാഫിര്‍ വ്യാജ സ്ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ അമ്പാടിമുക്ക് സഖാക്കള്‍, പോരാളി ഷാജി എന്നീ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലൂടെ സ്ക്രീന്‍ഷോട്ട് പ്രചരിച്ചു.
സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് റെഡ് എൻകൗണ്ടേഴ്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ്. ഏപ്രിൽ 25ന് ഉച്ചയ്ക്ക് 2.13ന് റിബേഷാണ് ഗ്രൂപ്പിൽ മെസ്സേജ് ഇടുന്നത്. സ്ക്രീൻഷോട്ട് രണ്ടാമത് വന്നത് റെഡ് ബറ്റാലിയൻ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ. അന്നേദിവസം ഉച്ചയ്ക്ക് 2.34 ന് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത് അമൽറാം എന്നയാൾ. ഇതിനുശേഷം അമ്പാടിമുക്ക് സഖാക്കൾ, കണ്ണൂർ എന്ന ഫേസ്ബുക്ക് പേജിൽ സ്ക്രീൻഷോട്ട് എത്തി. പേജിന്റെ അഡ്മിനായ മനീഷാണ് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. ഏപ്രിൽ 25ന് രാത്രി 8.23നാണ് പോരാളി ഷാജി എന്ന പേജിൽ സ്ക്രീൻഷോട്ട് പ്രത്യക്ഷപ്പെടുന്നത്.