എം.ആര്‍.അജിത്കുമാറിന്‍റെ സ്ഥാനക്കയറ്റം അംഗീകരിച്ച മന്ത്രിസഭായോഗ തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ച് സി.പി.ഐ. തീരുമാനം രാഷ്ട്രീയമായി ശരിയല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. സ്വാഭാവിക തീരുമാനമെന്ന് ന്യായീകരിച്ച സി.പി.ഐയുടെ മന്ത്രി ജി.ആര്‍. അനിലിനെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി തള്ളി. മുഖ്യമന്ത്രിയുടെ ഉപകാരസ്മരണയാണ് തീരുമാനത്തിന് പിന്നിലെന്ന് ആരോപിച്ച് പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കി.
പൂരം കലക്കല്‍, അനധികൃത സ്വത്ത് സമ്പാദനം, മരംമുറി തുടങ്ങി ഒട്ടേറെ ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് പൊലീസിലെ ഏറ്റവും ഉയര്‍ന്ന റാങ്കായ ഡി.ജി.പി പദവിയിലേക്കുള്ള അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. അന്വേഷണം തീരുംവരെ തീരുമാനം മരവിപ്പിക്കാമെന്നിരിക്കെ മുഖ്യമന്ത്രി അജിതിനെ പിന്തുണച്ചു. തൃശൂര്പൂ രം വിവാദത്തിലടക്കം അജിത്തിനെതിരെ നടപടിക്ക് വാദിച്ച സി.പി.ഐക്ക് അജിത്തിന്റെ സ്ഥാനക്കയറ്റം രാഷ്ട്രീയതിരിച്ചടിയായി.മന്ത്രിസഭയിലും കാര്യമായി മിണ്ടാതിരുന്ന സി.പി.ഐ മന്ത്രിമാര്‍ പുറത്തും തീരുമാനത്തെ ന്യായീകരിക്കുകയാണ്.
അജിത്ത്കുമാറിന്റെ ആര്‍.എസ്.എസ് കൂടിക്കാഴ്ച വീണ്ടും ഉയര്‍ത്തി മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കുകയാണ് പ്രതിപക്ഷം. ആര്‍.എസ്.എസ് വഴി ബി.ജെ.പിയുടെ സംരക്ഷണം നേടിതന്നതിന്റെ ഇടനിലക്കാരനായതുകൊണ്ടാണ് മുഖ്യമന്ത്രി അജിതിനെ സംരക്ഷിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.