രമേശ് ചെന്നിത്തലയും എൻ.എൻ.എസ് നേതൃത്വവും തമ്മിൽ മഞ്ഞുരുകുന്നു. മന്നം ജയന്തി സമ്മേളനത്തിൽ രമേശ് ചെന്നിത്തലയെ മുഖ്യപ്രഭാഷകനായി ക്ഷണിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ രമേശിന് താക്കോൽ സ്ഥാനം നൽകണമെന്ന ജി.സുകുമാരൻ നായരുടെ പ്രസ്താവനയോടെയാണ് രമേശും എൻ.എസ്.എസ് നേതൃത്വവും തമ്മിലുള്ള അകൽച്ചയ്ക്ക് തുടക്കമാകുന്നത്.
വീണ്ടും ഒരു ജനുവരിയിലാണ് അവർ ഒന്നിക്കുന്നത്. രമേശ് ചെന്നിത്തലയും ജി.സുകുമാരൻ നായരും. ഈ ഒന്നിക്കലിന്റെ രസം അറിയണമെങ്കിൽ ആദ്യം ഫ്ളാഷ്ബാക്കിൽ തുടങ്ങാം. 2013 ഒരു ജനുവരി. ജി.സുകുമാരൻ നായർ തിരുവനന്തപുരത്ത് നടത്തിയ ഈ പ്രസംഗം കേരള രാഷ്ട്രീയത്തിന് താക്കോൽ സ്ഥാനം എന്ന പദം സമ്മാനിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ രമേശിനെ ഉൾപ്പെടുത്തണമെന്നായരുന്നു സുകുമാരൻ നായരുടെ അന്ത്യശാസനം. കെ.പി.സി.സി അധ്യക്ഷനായിരുന്ന രമേശിന് ചെറിയ പരുക്കല്ല താക്കോൽ സ്ഥാനം നൽകിയത്. തള്ളിപ്പറയാതെ തരമില്ലെന്ന അവസ്ഥയിലായി അന്ന് രമേശ്ന്.
മന്ത്രിസ്ഥാനം വേണ്ടെന്ന് പറഞ്ഞെങ്കിലും അടുത്ത ജനുവരി ഒന്നിന്, അതായത് 2014ലെ പുതുപുലരിയിൽ രമേശ് ആഭ്യന്തരമന്ത്രിയായി. പക്ഷേ രമേശും എൻ.എസ്.എസും നേതൃത്വവും തമ്മിൽ അടുക്കാനാവാത്ത വിധം അകന്നുകഴിഞ്ഞിരുന്നു. നീണ്ട പതിനൊന്ന് വർഷത്തിന് ശേഷം എല്ലാം പറഞ്ഞുതീർത്തിരിക്കുകയാണ് രമേശും സുകുമാരൻ നായരും. ഏതാനും നാളുകൾക്ക് മുൻപ് ഇരുവരും കൂടിക്കാഴ്ച നടത്തി. പിന്നാലെയാണ് മന്നംജയന്തിയിലേക്കുള്ള ക്ഷണം. രമേശ് ഹാപ്പിയാണ്. ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന കാലത്ത്, കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന മുറവിളികൾക്കിടെ, നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം ബാക്കിനിൽക്കെ, രമേശ് എൻഎസ്എസിന്റെ പിന്തുണ ഉറപ്പിക്കുന്നത് കോൺഗ്രസിൽ പുതിയ രാഷ്ട്രീയ വായനകൾക്ക് വിധേയമാകും.