വനനിയമഭേദഗതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . ജോസ് കെ.മാണി മുഖ്യമന്ത്രിയെ കണ്ടതില്‍ നിലപാട് വ്യക്തമാക്കാതെ അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.
വനനിയമഭേദഗതിയില്‍ ആശങ്കകള്‍ കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ ഇന്നു മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഗൗരവമായി പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു. കര്‍ഷകവിരുദ്ധമായി ഒന്നും നിയമത്തില്‍ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടെന്നും ജോസ് കെ. മാണി മാധ്യമങ്ങളോടു പറഞ്ഞു. മന്ത്രിസഭയില്‍ പറയുന്ന കാര്യങ്ങള്‍ പുറത്തുപറയാനാവില്ലെന്നും വനംമന്ത്രിയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാമെന്നും മന്ത്രി എ.കെ.ശശീന്ദ്രനു മറുപടിയായി ജോസ് പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി.
Read Also: വനനിയമഭേദഗതി: ഗൗരവമായി പരിശോധിക്കുമെന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്
വനനിയമ ഭേദഗതിക്കെതിരെ മലയോരത്താകെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേരള കോണ്‍ഗ്രസ് വന നിയമഭേദഗതിയ കുറിച്ച് മുന്നണിയിലും മന്ത്രിസഭയിലും എന്ത് അഭിപ്രായമാണ് പറഞ്ഞതെന്ന ചോദ്യമുയര്‍ന്നത്. മലയോരത്തെ ജനങ്ങള്‍, ചില കര്‍ഷക സംഘടനകള്‍ എന്നിവരും പിറകെ മതമേലധ്യക്ഷന്‍മാകും നിയമ ഭേദഗതിക്കെതിരെ ശക്തമായി പ്രതികരിച്ചു. ഇതോടെയാണ് വോട്ട് ബാങ്കിന്‍റെ അതൃപ്തി പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ് രംഗത്തെത്തിയത്.
വനനിയമഭേദഗതിയില്‍ കേരള കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു . വസ്തുതകള്‍ പരിശോധിക്കാതെയാണ് കേരള കോണ്‍ഗ്രസ് വിവാദം സൃഷ്ടിക്കുന്നതെന്നു വനം മന്ത്രി പറഞ്ഞു. വസ്തുതകള്‍ പരിശോധിക്കാതെയാണ് കേരള കോണ്‍ഗ്രസിന്‍റെ പ്രതികരണമെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ വേണ്ട ചര്‍ച്ച നടത്തിയിട്ടുണ്ടാവില്ലെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞത് വിമര്‍ശനത്തെക്കാളേറെ പരിഹാസം കൂടി ധ്വനിപ്പിക്കുന്നതായി. മന്ത്രിസഭയില്‍ നിയമഭേദഗതിയെ സംബന്ധിച്ച് എതിരഭിപ്രായം പറയാത്ത റോഷി അഗസ്റ്റിനെ കേരളാ കോണ്‍ഗ്രസ് തള്ളുകയാണോ എന്നും വനം മന്ത്രി ചോദിച്ചു . സര്‍ക്കാര്‍ വിഷയം ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.