വയനാട്ടിൽ സി പി എം നേതൃ സ്ഥാനത്തേക്ക് യുവമുഖം. പി.ഗഗാറിനെ മാറ്റി ഡി.വൈ.എഫ്.ഐ സെക്രട്ടറി കെ.റഫീഖിനെ സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കമ്മിറ്റിയിൽ അപ്രതീക്ഷിതമായുണ്ടായ മൽസരത്തിൽ 16 പേരുടെ പിന്തുണയിലാണ് റഫീഖിന്റെ നിയോഗം. ഒരു ടേം കൂടി അവശേഷിക്കേയാണ് ഗഗാറിനു സ്ഥാനം ഒഴിയേണ്ടി വന്നത് രണ്ടു തവണ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കെത്തിയ പി. ഗഗാറിൻ തന്നെ ഇത്തവണ സെക്രട്ടറിയായി തുടരുമെന്നായിരുന്നു അവസാന നിമിഷം വരേയുള്ള സൂചന. എന്നാൽ 27 അംഗ ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷ പിന്തുണയിൽ നറുക്ക് വീണത് കെ. റഫീഖെന്ന 36 കാരന്.
ഡി. വൈ. എഫ്. ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന നേതൃത്വത്തിനു പൊതു സമ്മതനുമാണ് റഫീഖ്. 2012 മുതൽ സംഘടനയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറിയും dyfi നേതൃത്വതിൽ നിന്ന് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുന്ന ആദ്യത്തയാളുമാണ് റഫീഖ്. ജില്ലാ കമ്മിറ്റി യോഗത്തിൽ മൽസരമുണ്ടായെന്നും 16 പേർ റഫീഖിനെ പിന്തുണച്ചുവെന്ന വിവരവും പുറത്തു വന്നു. എന്നാൽ ഇ. പി ജയരാജനും പി. കെ ശ്രീമതിയും ഇത് തള്ളി. തിരഞ്ഞെടുത്തത് ഐക്യകണ്ഠേനയാണെന്നും തന്റെ കൂടി അഭിപ്രായത്തിലാണ് റഫീഖ് സെക്രട്ടറി ആകുന്നതെന്നുമായിരുന്നു ഗഗാറിന്റെ പ്രതികരണം അതേ സമയം നേതൃ മാറ്റത്തിൽ പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിനു അമർഷമുണ്ട്. തലമുറ മാറ്റത്തിന് കൂടി സാക്ഷിയായി മൂന്നു ദിവസം നീണ്ട ജില്ലാ സമ്മേളനത്തിനു ബത്തേരിയിൽ ഇന്ന് സമാപനമാകും..