കൂടുതല്‍ പ്രവര്‍ത്തകരെ നേതൃനിരയിലേക്ക് കൊണ്ടുവരിക എന്ന നയം കേരളത്തിലും നടപ്പാക്കുന്നതിന്‍റെ ഭാഗമായി ജില്ലകളെ വിഭജിച്ച് ബി.ജെ.പി. ഗുജറാത്ത്, മഹാരാഷ്ട തുടങ്ങിയ വലിയ സംസ്ഥാനങ്ങളില്‍ ഇതിനകം വിജയിച്ച മാതൃകയാണ് കേരളത്തിലും കൊണ്ടുവരുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു നിയോജക മണ്ഡലത്തെ രണ്ട് സംഘടനാമണ്ഡലമാക്കിയപ്പോള്‍ വോട്ടുകൂടിയതാണ് പുതിയ സംവിധാനം കൊണ്ടുവരാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്. തിരുവനന്തപുരം ജില്ലയില്‍ തന്നെ എണ്‍പതിനായിരത്തിലേറെ വോട്ട് കൂടിയെന്ന് മാത്രമല്ല ജയിച്ച സ്ഥാനാര്‍ഥിയുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ട് വ്യത്യാസം കുറയ്ക്കാനും കഴിഞ്ഞു. പ്രാദേശികമായി കൂടുതല്‍ പ്രവര്‍ത്തകരെ നേതൃനിരയിലേക്ക് കൊണ്ടുവരികയെന്നതാണ് മറ്റൊരു ഉദ്ദേശ്യം.
ബി.ജെ.പിയില്‍ ഇനി പതിനാല് ജില്ലാ അധ്യക്ഷന്മാര്‍ക്കുപകരം 30 പേര്‍ വരും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ , മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ മൂന്നുവീതം പ്രസിഡന്‍റുമാര്‍ വരും. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ടുവീതവും. പത്തനംതിട്ട, വയനാട്, കാസര്‍കോട് ജില്ലകള്‍ വിഭജിച്ചില്ല. നിയമസഭാ മണ്ഡലങ്ങളും ജനസംഖ്യയും അടിസ്ഥാനമാക്കിയാണ് ജില്ലകള്‍ വിഭജിച്ചത്. ഫെബ്രുവരിയില്‍ പുനഃസംഘടന പൂര്‍ത്തിയാകുന്നതോടെ പുതിയ സംവിധാനം നിലവില്‍ വരും.