സർക്കാരുമായുള്ള പോര് തുടർന്ന നീണ്ട കാലഘട്ടത്തിന് വിരാമമിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവൻ വിട്ടു. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് മടങ്ങുന്നതിനിടെ മലയാളത്തിൽ ആശംസകൾ നേർന്നാണ് ഗവർണർ കൊച്ചിയിലേക്ക് യാത്രയായത്. ഗവർണർ രാജ്ഭവനിൽ നിന്ന് മടങ്ങും മുൻപ്, അവസാന ദിവസവും കൂടിക്കാഴ്ച നടത്താതെ സർക്കാർ ഗവർണറോട് അകൽച്ച പാലിച്ചു. കൊച്ചിയിൽ നിന്ന് ഡൽഹിയിൽ എത്തുന്ന ഗവർണർ ജനുവരി രണ്ടിന് ബിഹാർ ഗവര്‍ണറായി ചുമതല ഏല്‍ക്കും.
രാജ് ഭവനിൽ നിന്ന് രാവിലെ പതിനൊന്ന് മണിക്ക് ഗവർണർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. പുറത്തു കാത്തുനിന്ന മാധ്യമപ്രവർത്തകരോട് പ്രതികരണം വിമാനത്താവളത്തിന് മുന്നിലെന്ന് വ്യക്തമാക്കി. പുറപ്പെടുമ്പോൾ മലയാളികളോടുള്ള സ്നേഹം പ്രകടിപ്പിച്ച് മലയാളത്തിൽ ഗവർണരുടെ ആശംസ.സർവ്വകലാശാല ചാൻസലർ എന്ന നിലയിൽ തന്‍റെ ഉത്തരവാദിത്വം മാത്രം നിറവേറ്റുകയായിരുന്നു എന്ന് ഗവർണർ വിശദീകരിച്ചു. സംസ്ഥാന സർക്കാരുമായി മറ്റൊരു കാര്യത്തിലും തർക്കമില്ല. കാലാവധി പൂർത്തിയാക്കി മടങ്ങുമ്പോൾ സംസ്ഥാന സർക്കാരിനെ കുറിച്ച് കൂടുതൽ വിവാദ പരാമർശങ്ങൾ ഒന്നും നടത്താതെയാണ് ഗവർണർ മടങ്ങിയത്.
അതേസമയം, ഗവർണർ രാജ്ഭവനിൽ നിന്ന് മടങ്ങും മുൻപും കൂടിക്കാഴ്ച നടത്താതെ മുഖ്യമന്ത്രിയും മന്ത്രിമാരും അകൽച്ച പാലിച്ചു. മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉണ്ടായിട്ടും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയില്ല. അനൗപചാരികമായി മുഖ്യമന്തിയോ മന്ത്രിമാരോ എത്താത്തതിനെക്കുറിച്ച് ഈ സമയത്ത് ഒന്നും പറയുന്നില്ലെന്നായിരുന്നു ഗവർണരുടെ പ്രതികരണം. എന്നാൽ പരോക്ഷ വിമർശനം നടത്തി മന്ത്രി പി രാജീവ് ഗവർണ്ണർക്ക് ആശംസയും നേർന്നു. ഗവർണറെ രാജ് ഭവനിൽ എത്തി കണ്ടത് ചീഫ് സെക്രട്ടറിയും അഡീ. ചീഫ് സെക്രട്ടറിയും മാത്രം. രാജ്യം ദുഃഖാചരണത്തിൽ ആയതിനാൽ ഔദ്യോഗിക യാത്ര അയപ്പ് ചടങ്ങ് ഒഴിവാക്കി എന്നും ഗവർണർ അറിയിച്ചു. നേരത്തെ കരിങ്കൊടി പ്രതിഷേധം നടത്തിയിട്ടുള്ള പേട്ട പള്ളിമുക്കിൽ ഇന്നും എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം ടാറ്റ നൽകികൊണ്ടായിരുന്നു.