ഷിബു ബേബി ജോണ്‍, വി.ഡി.സതീശന്‍, പി.കെ.കുഞ്ഞാലിക്കുട്ടി.

‌‌പി.വി.അന്‍വറിന്‍റെ യു.ഡി.എഫ് പ്രവേശത്തില്‍ അനൗദ്യോഗിക ചര്‍ച്ച നടന്നിട്ടുണ്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ യു.ഡി.എഫ് ചെയര്‍മാനായ താനറിഞ്ഞ് ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്ന് വി.ഡി.സതീശന്‍ പ്രതികരിച്ചു. അതൊക്കെ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.  

പി.വി.അന്‍വറിന്റെ യു.ഡി.എഫ് പ്രവേശത്തില്‍ വിയോജിപ്പ് പരസ്യമാക്കി ആ‍ര്‍.എസ്.പി രംഗത്ത്. അന്‍വറിന്റെ വരവില്‍ നിലപാടെടുക്കാന്‍ സമയമായില്ലെന്ന് ഷിബു ബേബി ജോണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അന്‍വര്‍ ആദ്യം രാഷ്ട്രീയനിലപാട് വ്യക്തമാക്കട്ടെ. പിണറായി വിരുദ്ധത മാത്രമല്ല യു.ഡി.എഫ് പ്രവേശത്തിന്റെ മാനദണ്ഡമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

അതേസമയം, പി.വി. അന്‍വറിന്‍റെ നേതൃത്തിലുള്ള സംഘം പൊലീസിനെ ആക്രമിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരെ ചവിട്ടിപ്പരുക്കേല്‍പ്പിച്ചു. ഓഫിസ് സാമഗ്രികള്‍ തകര്‍ത്തു. 35,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട്. റിമാന്‍ഡ് റിപ്പോര്‍ട്ട് മനോരമ ന്യൂസിന് ലഭിച്ചു. അതേസമയം പി.വി.അന്‍വറിന്റെ ജാമ്യാപേക്ഷ നിലമ്പൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചശേഷം വാദം കേള്‍ക്കും.  

ENGLISH SUMMARY:

Discussion heats up over PV Anwar's entry into UDF; RSP disagrees