നിലമ്പൂര്‍ ഫോറസ്റ്റ് ഓഫിസ് തകര്‍ത്ത കേസില്‍ തന്നെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ ഗൂഢാലോചനയെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ. പിണറായിയും പി.ശശിയും അവസരം നോക്കി ഇരിക്കുകയായിരുന്നു. ഇന്ന് ജാമ്യാപേക്ഷ നല്‍കുമെന്നും ജീവനുണ്ടെങ്കില്‍ കാണിച്ചുതരാമെന്നും അന്‍വര്‍ വെല്ലുവിളിച്ചു. ഗുണ്ടായിസം തന്നോട് കാണിക്കേണ്ടെന്ന് ഡിവൈഎസ്പിയോടും അന്‍വര്‍ കയര്‍ത്തു. മലപ്പുറം ഒതായിയിലെ വീട്ടിലെത്തി അതിനാടകീയമായാണ് പൊലീസ് അന്‍വറിനെ അറസ്റ്റ് ചെയ്തത്. എംഎല്‍എയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പുലര്‍ച്ചെ രണ്ടരയോടെ മാറ്റുകയും ചെയ്തു. ജാമ്യമില്ലാവകുപ്പ് ചുമത്തി അന്‍വര്‍ ഉള്‍പ്പെടെ 11പേര്‍ക്കെതിരെയാണ് കേസെടുത്തത്.
അതേസമയം, പൊലീസ് ഇടപെടല്‍ നിയമാനുസൃതമെന്നാണ് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞത്. ഗൂഢാലോചനയോ, പ്രത്യേക താല്‍പര്യങ്ങളോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ രാഷ്ട്രീയപ്രേരിതമായി പൊലീസിനെ ഉപയോഗിക്കുന്നത് ശരിയല്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. പിഡിപിപി ആക്ട് പ്രകാരം പ്രതികളായവര്‍ ക്യാബിനറ്റിലുണ്ടായിട്ടും നടപടിയെടുത്തിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. പി.വി.അന്‍വറിനോട് സര്‍ക്കാര്‍ ചെയ്തത് അസാധാരണ നടപടിയെന്നാണ് ലീഗ് പ്രതികരിച്ചത്.