കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ നേതൃനിരയിലേക്ക് പി ജെ ജോസഫിന്‍റെ മകൻ അപു ജോൺ ജോസഫ്. പാർട്ടിയുടെ സംസ്ഥാന ചീഫ് കോഡിനേറ്റർ ആയി അപു ജോൺ ജോസഫിനെ തെരഞ്ഞെടുത്തു. കേരള കോൺഗ്രസ് പരമോന്നത സമിതിയായ ഹൈ പവർ കമ്മിറ്റിയിലും അപു ജോൺ ജോസഫിനെ ഉൾപ്പെടുത്തി.
കോട്ടയത്ത് നടന്ന ഹൈപ്പവർ കമ്മിറ്റിയിൽ പുതിയ നിയോഗത്തിന് നേതാക്കളും കൈകൊടുത്തതോടെ മുതിർന്ന നേതാവ് ടി യു കുരുവിള വഹിച്ചിരുന്ന സ്ഥാനത്തേക്ക് ആണ് അപു ജോൺ ജോസഫ് എത്തുന്നത്.ഇതോടെ ചെയർമാനും വർക്കിങ് ചെയർമാനും എക്സിക്യൂട്ടീവ് ചെയർമാനും കഴിഞ്ഞാലുള്ള സുപ്രധാന പദവിയാകും അപുവിന്‍റേത്. മക്കൾ രാഷ്ട്രീയമെന്ന വിമർശനങ്ങളോട് പത്തുവർഷത്തിലധികമായി പാർട്ടിയുടെ അടിത്തട്ടിൽ പ്രവർത്തിച്ച ശേഷമാണ് ഉയർന്ന പദവിയിലേക്ക് എത്തുന്നത് എന്നാണ് അപു ജോൺ ജോസഫിന്‍റെ മറുപടി.
ഈ മാസം തന്നെ ചരൽക്കുന്നിൽ ചേരുന്ന പാർട്ടി ക്യാംപിൽ പാർട്ടിയിലെ തലമുറമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാവും. കോട്ടയത്തും മലബാറിലും കർഷക ഐക്യ റാലികളും മലയോര മേഖലയിലെ വന്യജീവി ആക്രമങ്ങൾക്കെതിരായ സമരങ്ങളിലുടെയും ശ്രദ്ധേയനായ അപ്പു ജോൺ ജോസഫിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവമ്പാടിയിലേക്ക് പരിഗണിച്ചിരുന്നു. പാർട്ടിയുടെ എക്സിക്യൂട്ടീവ് ചെയർമാനായ മോൻസ് ജോസഫുമായും അടുത്ത ബന്ധം പുലർത്തുന്ന അപു നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുന്നോടിയായാണ് താക്കോൽ സ്ഥാനത്തേക്ക് എത്തുന്നത്.