പാതിരാ അറസ്റ്റിനും നാടകീയതകള്‍ക്കും പിന്നാലെ പി.വി.അന്‍വറിന്‍റെ യു.ഡി.എഫ് പ്രവേശനത്തിന് വഴിതെളിയുന്നു. യു.ഡി.എഫുമായി കൈകോര്‍ക്കുമെന്ന് പ്രഖ്യാപിച്ച അന്‍വര്‍, പാണക്കാട്ടെത്തി ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ കണ്ടു. അന്‍വറിന്‍റെ മുന്നണിപ്രവേശം യു.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സാദിഖലി തങ്ങള്‍ പറഞ്ഞു. അധികാരത്തില്‍ വരാനുള്ള രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കും. അന്‍വര്‍ ഉയര്‍ത്തിയ കാര്യങ്ങളില്‍ യു.ഡി.എഫിന് എതിര്‍പ്പില്ലെന്നും തങ്ങള്‍ പറഞ്ഞു.
താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ തങ്ങള്‍ ധാര്‍മിക പിന്തുണ വാഗ്ദാനം ചെയ്തുവെന്നും, മുന്നണിപ്രവേശനം യു.ഡി.എഫ് ചര്‍ച്ച ചെയ്യേണ്ടതാണെന്നും അന്‍വര്‍ പ്രതികരിച്ചു. ശേഷം പി.കെ.കുഞ്ഞാലിക്കുട്ടിയെയും അന്‍വര്‍ വീട്ടിലെത്തി കണ്ടു. Also Read: യുഡിഎഫിനൊപ്പമെന്ന് പി.വി.അന്‍വര്‍; നല്‍കിയ പിന്തുണ തിരിച്ചു നല്‍കും
പി.വി.അന്‍വര്‍ യു.ഡി.എഫിലേക്ക് വരുന്നോ എന്നത് കൂട്ടായി ആലോചിച്ചെടുക്കേണ്ട രാഷ്ട്രീയ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഉചിതമായ സമയത്ത് കൂടിയാലോചിച്ച് തീരുമാനമെടുക്കും. മീന്‍വണ്ടിയില്‍പണം കൊണ്ടുവന്നെന്ന ആരോപണം തനിക്കെതിരെ അന്‍വറിനെ കൊണ്ട് പറിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതേ അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ ഇനിപറയാന്‍ വല്ലതും ബാക്കിയുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സ്ഥാനമില്ല, ആരോപണ പ്രത്യാരോപണങ്ങളും സ്വാഭാവികമാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.
അതേസമയം, പി.വി.അന്‍വറിന്‍റെ യു.ഡി.എഫിലേക്കുള്ള വരവില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസിലെ യുവനിര. അന്‍വര്‍ തിരുത്തണമെന്ന വി.ടി.ബല്‍റാമിന്‍റെ നിലപാടിനെ പിന്തുണച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും രംഗത്തെത്തി. മുൻ നിലപാടുകളിൽ ആശയ വ്യക്തത വരുത്തിയാൽ കാര്യങ്ങൾ എളുപ്പമാകും. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ഉൾപ്പെടെ സ്വീകരിച്ച നിലപാട് അംഗീകരിക്കാൻ കഴിയാത്തതാണ്. ഇക്കാര്യത്തിൽ വി.ടി ബലറാമിന്‍റെ നിലപാടിനൊപ്പമാണെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.
പി.വി.അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനം തള്ളാതെ എം.എം.ഹസന്‍. അന്‍വര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ യുഡിഎഫ് ചര്‍ച്ച ചെയ്യും. ഇതുവരെ യു.ഡി.എഫ് തീരുമാനം എടുത്തിട്ടില്ലെന്നും ഹസന്‍ ആലപ്പുഴയില്‍ പറഞ്ഞു