പാലക്കാട്ട് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചുവരുന്നതിന് പാര്‍ട്ടിക്ക് തടസമായത് എന്‍.എന്‍.കൃഷ്ണദാസിന്‍റെ പരസ്യപ്രസ്താവനകളെന്ന് സിപിഎം സമിതിയില്‍ രൂക്ഷവിമര്‍ശനം. നീലപ്പെട്ടി വിവാദത്തെ തള്ളിപറഞ്ഞതും മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ചതും വോട്ടുകള്‍ നഷ്ടമാക്കിയെന്ന് വിമര്‍ശനം ഉയര്‍ന്നു. കൃഷ്ണദാസിനെതിരായ പാര്‍ട്ടി നടപടി, ജില്ലാ സമ്മേളനത്തില്‍ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചേക്കാം.
പി. സരിനെ ഇറക്കി പാലക്കാട് പിടിച്ചെടുക്കാനിറങ്ങുമ്പോള്‍ സിപിഎമ്മിന് രണ്ടാം സ്ഥാനത്ത് എത്താം എന്നെങ്കിലും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ നീലപെട്ടിവിവാദം ഉള്‍പ്പടെ നാണക്കേടായ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് തന്നെ നില്‍ക്കേണ്ടി വന്നതില്‍ എന്‍.എന്‍ കൃഷ്ണദാസിനെയാണ് സംസ്ഥാന സമിതി പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. കൃഷ്ണദാസ് രൂക്ഷമായ വിമര്‍ശനമാണ് സംസ്ഥാന സമിതിയില്‍ നേരിട്ടത്.
പാര്‍ട്ടിയെ നിര്‍ണായക തിരഞ്ഞെടുപ്പില്‍ കൃഷ്ണദാസിന്‍റെ പ്രസ്താവനകള്‍ പ്രതിസന്ധിയിലാക്കിയെന്ന് ചിലര്‍ തുറന്നടിച്ചു. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിന്‍റെ തിരഞ്ഞെടുപ്പ് അവലോകനത്തില്‍ നേരിട്ടതിനേക്കാള്‍ രൂക്ഷമായിരുന്നു സംസ്ഥാന സമിതിയിലെ സാഹചര്യം. നീലപെട്ടി വിവാദമുയര്‍ന്നപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന് വിരുദ്ധമായ സമീപനം സ്വീകരിച്ച് അണികള്‍ക്കിടയില്‍ ആശയകുഴപ്പമുണ്ടാക്കി. മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ചത് പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും കുറ്റപ്പെടുത്തലുണ്ടായി.
കൃഷ്ണദാസിന്‍റെ പ്രസ്താവനകള്‍ കൊണ്ട് മാത്രം 2500 വോട്ടെങ്കിലും പാര്‍ട്ടിക്ക് നഷ്ടമായി എന്നാണ് സി.പി.എം വിലയിരുത്തല്‍. ഇതോടെയാണ് കൃഷ്ണദാസിനെ താക്കീത് ചെയ്യാനും അത് പരസ്യമാക്കാനും സിപിഎം തീരുമാനിച്ചത്. തന്‍റെ ഭാഗത്ത് തെറ്റുണ്ട് എന്ന് എല്ലാവരും പറയുകയാണെങ്കില്‍ അത് താന്‍ അംഗീകരിക്കാമെന്ന് സംസ്ഥാന സമിതിയില്‍ എന്‍.എന്‍ കൃഷ്ണദാസ് പറഞ്ഞു. കൃഷ്ണദാസിനെതിരായ നടപടി പാലക്കാട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചാക്കാം.