kpcc-03
  • KPCC രാഷ്ട്രീയകാര്യ സമിതി മാറ്റിയതില്‍ എ.ഐ.സി.സി നേതൃത്വത്തിന് കടുത്ത അതൃപ്തി
  • കെ.സുധാകരന്‍– വി.ഡി.സതീശന്‍ അസ്വാരസ്യത്തിന്റെ തുടര്‍ച്ചയെന്ന് സൂചന
  • അവസാനനിമിഷം യോഗം മാറ്റിയതില്‍ ദീപാ ദാസ് മുന്‍ഷി വിയോജിപ്പറിയിച്ചു

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചതിൽ എഐസിസി നേതൃത്വത്തിനു കടുത്ത അതൃപ്തി. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ തുടർച്ചയാണ് യോഗം മാറ്റിവയ്ക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് പാർട്ടിയിലെ സംസാരം. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ചിലർ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് യോഗം മാറ്റിവെച്ചതെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിശദീകരണം.  

 

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്നിട്ട് എത്ര നാളായി. സമിതിയിലെ അംഗങ്ങൾക്ക് പോലും കൃത്യമായ ഉത്തരമില്ലാത്ത ചോദ്യം. പ്രതിപക്ഷനേതാവിന് അസൗകര്യമുണ്ട്, ജനപ്രതിനിധികൾക്ക് മണ്ഡലങ്ങളിൽ  മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുണ്ട്. തുടങ്ങിയവയാണ് യോഗം മാറ്റിവച്ചതിന് നേതൃത്വം നൽകുന്ന വിശദീകരണം. എന്നാൽ യോഗത്തിൽ പങ്കെടുക്കാൻ എഐസിസി സംഘടന ജനറൽസെക്രട്ടറി കെസി വേണുഗോപാൽ ഇന്ന് തലസ്ഥാനത്തുണ്ട്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ആകട്ടെ ഇന്ന് തലസ്ഥാനത്ത് എത്തേണ്ടതായിരുന്നു. അവസാനം നിമിഷം യോഗം മാറ്റിവെച്ച രീതിയോട് ദീപാ ദാസ് മുൻഷി കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയതായാണ് വിവരം.

പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ ഉത്തരവാദപ്പെട്ടവർക്ക് സമയമില്ലേ എന്ന ചോദ്യവും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം, ഉപതിരഞ്ഞെടുപ്പ് ഫലം, വരാനിരിക്കുന്ന തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പ്, സർക്കാർ നിധിരായ സമരങ്ങൾ, കെപിസിസി പുനഃസംഘടന തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് യോഗം ചർച്ച ചെയ്യേണ്ടിയിരുന്നത്. കഴിഞ്ഞദിവസം  കെപിസിസി  ഭാരവാഹി യോഗത്തിൽ പങ്കെടുക്കാൻ ഇന്ദിരാഭവനിൽ എത്തിയ വിഡി സതീശൻ യോഗം കൃത്യസമയത്ത് തുടങ്ങാത്തതിനെ തുടർന്ന് മറ്റൊരു ചടങ്ങിൽ പങ്കെടുക്കാൻ മടങ്ങിപ്പോയിരുന്നു.

സതീശൻ യോഗം ബഹിഷ്കരിച്ചു എന്ന തരത്തിൽ പ്രചരിപ്പിച്ചതിന് പിന്നിൽ സുധാകര പക്ഷമാണെന്നാണ് സതീശൻ അനുകൂലികൾ കരുതുന്നത്. ഇതിന് പിന്നാലെയാണ് ഇന്നലെ ചേർന്ന യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തിൽ സുധാകരൻ വിട്ടുനിന്നത്. രാഷ്ട്രീയ സമിതിയോ മാറ്റിവെച്ചതുമായി ബന്ധപ്പെട്ട ഒരു മുതിർന്ന നേതാവ് സിപിഎമ്മിനെ താരതമ്യം ചെയ്തു നടത്തിയ നിരീക്ഷണമാണ് ഏറ്റവും ശ്രദ്ധേയം. സിപിഎം പാർട്ടി സമ്മേളനങ്ങളിൽ മന്ത്രിമാർ അടക്കം പങ്കെടുക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രിയും പങ്കെടുക്കുന്നു.

ENGLISH SUMMARY:

The AICC leadership is deeply unhappy with the postponement of the KPCC Political Affairs Committee meeting.