anwar-on-p-sasi

പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെ നിയമസഭയില്‍ ഉന്നയിച്ച 150 കോടി രൂപയുടെ അഴിമതി ആരോപണം ചതിയാണെന്ന് പി.വി.അന്‍വര്‍. ‘ആരോപണം മൂലം വി.ഡി.സതീശനുണ്ടായ മാനഹാനിക്ക് അദ്ദേഹത്തോട് മാപ്പുപറയുന്നു. കേരളസമൂഹത്തോടും വി.ഡ‍ി.സതീശന്‍റെ കുടുംബത്തോടും നിരുപാധികം മാപ്പപേക്ഷിക്കുകയാണ്. അപേക്ഷ സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവിനോട് അഭ്യര്‍ഥിക്കുന്നു.’– സ്പീക്കര്‍ക്ക് രാജി നല്‍കിയശേഷം അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഴിമതി ആരോപണം താന്‍ കൊണ്ടുവന്നതല്ലെന്ന് അന്‍വര്‍ വെളിപ്പെടുത്തി. ‘മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയാണ് ആരോപണം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം നിരന്തരം ആക്രമണം അഴിച്ചുവിടുന്ന സമയമായിരുന്നു. പിണറായിയെ പിതാവിനെപ്പോലെ കരുതിയിരുന്ന എനിക്ക് അതില്‍ പ്രതിപക്ഷത്തോട് കടുത്ത ദേഷ്യം ഉണ്ടായിരുന്നു. അപ്പോഴാണ് ശശി ഈ കാര്യം പറഞ്ഞത്. തൊട്ടടുത്ത് നിയമസഭാസമ്മേളനത്തില്‍ ഉന്നയിക്കാമെന്ന് പറഞ്ഞു.’ ഉന്നയിക്കേണ്ട കാര്യം എഴുതി നല്‍കുകയായിരുന്നുവെന്നും അതാണ് താന്‍ നിയമസഭയില്‍ പറഞ്ഞതെന്നും അന്‍വര്‍ വെളിപ്പെടുത്തി.

 

ഉന്നയിക്കാന്‍ പറഞ്ഞ വിഷയം ശരിയല്ലേ എന്ന് ശശിയോട് അന്ന് ചോദിച്ചിരുന്നുവെന്നും ശശി ഉറപ്പുനല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് നിയമസഭയില്‍ വിഷയം അവതരിപ്പിച്ചതെന്നും അന്‍വര്‍ പറഞ്ഞു. എന്നാല്‍ പിന്നീടാണ് തന്നെ പ്രതിപക്ഷത്തിന്‍റെയും വി.ഡി.സതീശന്‍റെയും കടുത്ത ശത്രുവാക്കാന്‍ ഉദ്ദേശിച്ചുള്ള തന്ത്രമായിരുന്നു അതെന്ന് മനസിലായതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. 

ശശിയെയും അജിത് കുമാറിനെയും നിലനിര്‍ത്തി മുന്നോട്ടുപോകാനാകില്ല എന്ന് സിപിഎമ്മിലെ നേതാക്കള്‍ തന്നെ പറഞ്ഞു. നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് പൊതുമധ്യത്തില്‍ പറഞ്ഞത്. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ഈ നേതാക്കള്‍ തന്നെ പിന്‍മാറി. മുഖ്യമന്ത്രിയെ ഒരുഘട്ടത്തിലും ചേര്‍ത്തുപറഞ്ഞിട്ടില്ല. അദ്ദേഹം തള്ളിപ്പറയുന്നതുവരെ ഞാന്‍ കരുതിയത് മുഖ്യമന്ത്രി ആ കോക്കസില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ്. 

ഒരുഘട്ടത്തില്‍ മുഖ്യമന്ത്രി ഒറ്റയടിക്ക് എന്നെ തള്ളിപ്പറഞ്ഞു. ഞാനാണ് ഇതിനുപിന്നില്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും പി.ശശിയെക്കുറിച്ചുള്ള പരാതി അവ‍ജ്ഞയോടെ തള്ളിക്കളയുകയും ചെയ്തു. പിന്നെ അന്വേഷിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത് എന്ന് മനസിലായത്. എന്നെ ആരാണോ ഇതിനായി നിയോഗിച്ചത് ആ ആളുകള്‍ പിന്നെ ഫോണ്‍ എടുക്കാതായി. രണ്ട് ദിവസം ഫോണ്‍ ചെയ്തു. അവരുടെ ആവശ്യം ഇത് പൊതുസമൂഹത്തിന്‍റെ മുന്നില്‍ കൊണ്ടുവന്ന് പാര്‍ട്ടി സമ്മേളനങ്ങളില്‍ ചര്‍ച്ചയാകണം എന്നായിരുന്നു. അവര്‍ പിന്നെ ഫോണെടുത്തില്ല. 

ENGLISH SUMMARY:

PV Anwar said that P. Sasi was instructed to make allegations against the Leader of the Opposition