• അന്‍വര്‍ MLA സ്ഥാനം രാജിവയ്ക്കും?
  • രാവിലെ ഒന്‍പതുമണിക്ക് പി.വി.അന്‍വര്‍ സ്പീക്കറെ കാണും
  • തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്

പി.വി.അന്‍വര്‍, എംഎല്‍എ സ്ഥാനം രാജിവച്ചേക്കും. രാവിലെ ഒന്‍പതിന് അന്‍വര്‍ സ്പീക്കറെ കാണും. തുടര്‍ന്ന് വാര്‍ത്താസമ്മേളനവും നടത്തും. നിര്‍ണായക പ്രഖ്യാപനമെന്ന് അന്‍വര്‍തന്നെ പ്രഖ്യാപിച്ചതോടെയാണ് രാജി അഭ്യൂഹം പടര്‍ന്നിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസുമായി അടുത്തതിന് പിന്നാലെയാണ് അയോഗ്യത ഒഴിവാക്കാനുള്ള ആലോചന അന്‍വര്‍ തുടങ്ങിയത്.

അന്‍വറിനുമുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. അന്‍വര്‍ രാജിവയ്ക്കുകയാണെങ്കില്‍ പ്രതികരിക്കാം. രാജിവയ്ക്കുക എന്നത് അന്‍വറിന്‍റെ സ്വതന്ത്രമായ തീരുമാനം. അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ല. അന്‍വറിന്‍റെ കാര്യം യു.ഡി.എഫ്. ചര്‍ച്ചചെയ്തിട്ടില്ല. ചര്‍ച്ച നടത്തിയിട്ടില്ല എന്നതിന്‍റെ അര്‍ഥം ഇനി ഒരിക്കലും ചര്‍ച്ചനടത്തില്ല എന്നല്ലെന്നും വി.ഡി.സതീശന്‍.  

മലബാറിലെ കോൺഗ്രസിന്റെ കോട്ടയായി അറിയപ്പെട്ട നിലമ്പൂർ കൈപ്പിടിയിലാക്കിയായിരുന്നു പി.വി.അൻവർ ഇടതുപക്ഷത്തിന് പ്രിയപ്പെട്ടവനായത്. അതേ ഇടതുപക്ഷവുമായി പിണങ്ങി  മുന്നണി വിട്ടതിനൊടുവിലാണ് എംഎൽഎ പദവിയും രാജിവെക്കുന്ന കാര്യം ആലോചിക്കുന്നത്. കോൺഗ്രസ്  പാർട്ടിയിലൂടെ രാഷ്ട്രീയത്തിൽ സജീവമായ അൻവറിനെ ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാക്കൾ കൂടി കയ്യൊഴിഞ്ഞതോടെയാണ്  പുതിയ പോരാട്ടത്തിന് ഒരുങ്ങുന്നതെന്നാണ് സൂചന. 

അന്‍വറിനുമുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ലെന്ന് പ്രതിപക്ഷനേതാവ്

കാറ്റിലൊന്നും ആടാതെ 3 പതിറ്റാണ്ടോളം  നിലമ്പൂർ തേക്ക്  പോലെ ആര്യാടനൊപ്പം ഉറച്ചുനിന്ന നിന്ന  മണ്ഡലമാണ് പി. വി. അൻവർ ഇടതുപക്ഷത്തിന്റെ കൈവെള്ളയിൽ വച്ച് നൽകിയത്. ആര്യാടൻ മുഹമ്മദിന്‍റെ മകൻ ആര്യാടൻ ഷൗക്കത്തിനെ 11504 വോട്ടിന് പരാജയപ്പെടുത്തിയിരുന്നു 2016 ലെ വിജയം.

2021 ലും പി.വി. അൻവർ വിജയം ആവർത്തിച്ചു. ഡിസിസി പ്രസിഡന്‍റായിരുന്ന വി.വി. പ്രകാശിനെ 2791 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു നിലമ്പൂർ ഇടതുമണ്ഡലമാണെന്ന് പി.വി. അൻവർ സ്ഥാപിക്കാൻ ശ്രമിച്ചത്. സിപിഎമ്മിന് ഇടതു വോട്ടുകൊണ്ട് മാത്രം ജയിക്കാൻ കഴിയാത്ത മണ്ഡലത്തിലാണ് പി.വി. അൻവർ രണ്ടുവട്ടം ജയിച്ചു കാണിച്ചത്. 

എഐസിസി അംഗമായിരുന്ന എടവണ്ണ ഒതായിലെ പി.വി. ഷൗക്കത്തലിയുടെ മകൻ പി. വി. അൻവർ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. യൂത്ത് കോൺഗ്രസിന്‍റെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റായിരുന്നു.  ഐ ഗ്രൂപ്പുമായി അടുത്തു നിന്ന അൻവർ കെ. കരുണാകരനൊപ്പം ഡിഐസിയിലും സജീവമായി. കെ. മുരളീധരൻ രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപു മുതൽ പി.വി. അൻവറിന് അടുത്ത സൗഹൃദം ഉണ്ടായിരുന്നു.

നിലമ്പൂർ കൈപ്പിടിയിലാക്കിയായിരുന്നു പി.വി.അൻവർ ഇടതുപക്ഷത്തിന് പ്രിയപ്പെട്ടവനായത്

2011ൽ സ്വതന്ത്രനായി ഏറനാട് നിയമസഭ  മണ്ഡലത്തിൽ മത്സരിച്ച പി.വി. അൻവർ മുസ്ലിം ലീഗ് സ്ഥാനാർഥിയായ പി.കെ. ബഷീറിനോട് കടുത്ത മൽസരമാണ് കാഴ്ച വച്ചത്. അന്ന് മുന്നണി ബന്ധം മറന്ന് സിപിഎം പി.വി. അൻവറിനെ സഹായിച്ചപ്പോൾ സിപിഐ സ്ഥാനാർഥിയായിരുന്ന അഷ്റഫ് കാളിയത്തിന് ആകെ ലഭിച്ചത് 2700 വോട്ടുകളാണ്. 

2014 വയനാട് ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായും മികച്ച പോരാട്ടം കാഴ്ചവച്ചു. മലപ്പുറത്തെ പൊലീസ് സംവിധാനത്തിനെതിരെ അൻവർ നടത്തിയ പോരാട്ടം പിന്നാലെ എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നീളുകയായിരുന്നു. മുഖ്യമന്ത്രി കടുത്ത ഭാഷയിൽ പി.വി. അൻവറിനെതിരെ ആഞ്ഞടിച്ചതോടെ  ഇടതു ഭാഗവും ഉപേക്ഷിക്കേണ്ടി വന്നു. 

എൽഡിഎഫ്  ഉപേക്ഷിച്ച ശേഷം വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു. പാലക്കാട് ചേലക്കര ഉപതിരഞ്ഞെടുപ്പുകളിൽ പി.വി. അൻവർ സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും പാലക്കാട് പിൻവലിച്ചു.

ചേലക്കരയിൽ പി.വി. അൻവർ നിർത്തിയ സ്വതന്ത്ര സ്ഥാനാർഥി സുധീറിന് 3900 വോട്ടുകളാണ് നേടാനായത്. നിലമ്പൂർ വീണ്ടും ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാൽ യുഡിഎഫിന് പിന്തുണയ്ക്കുകയോ യുഡിഎഫിന്റെ പിന്തുണ ലഭിക്കുകയോ ചെയ്യും എന്നാണ് പി.വി. അൻവർ കണക്കുകൂട്ടൽ ഉപതെരഞ്ഞെടുപ്പിലൂടെ യുഡിഎഫുമായി 2026 ലെ തിരഞ്ഞെടുപ്പിലേക്ക് പാലം ഇടാനും ആകുമെന്നാണ് കണക്കുകൂട്ടൽ.

ENGLISH SUMMARY:

Will Anwar resign as MLA? Announcement today?