മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ തുറന്നടിക്കലിൽ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന് കടുത്ത അതൃപ്തി. ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി പ്രശ്നങ്ങൾ അവസാനിച്ചു എന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും അപമാനിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നാണ് വിലയിരുത്തൽ. സമസ്തയിൽ ഇന്ന് ഈ വിഷയത്തില്‍ ചർച്ച നടക്കും. ഖേദപ്രകടനത്തെ ചൊല്ലിയുള്ള വിമർശനത്തെ കുറിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളുമായി ചർച്ച നടത്തിയ ശേഷം തുടർനിലപാട് പ്രഖ്യാപിക്കാനാണ് ലീഗ് വിരുദ്ധ വിഭാഗത്തിന്റെ നീക്കം.
സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയും പാണക്കാട് കുടുംബത്തിനെതിരെയും നേരത്തെ ആക്ഷേപം ഉന്നയിച്ചതിൽ നേരിട്ട് ഖേദം അറിയിച്ചെങ്കിലും അത് മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി പറയാത്തതിലാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അതൃപ്തി പ്രകടമാക്കിയത്. ഖേദപ്രകടനം നടത്തിയ കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്ന ധാരണ തെറ്റിച്ചു എന്നായിരുന്നു സാദിഖലി തങ്ങളുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും ആരോപണം. അതേസമയം, ഒരുമിച്ചു പോകണമെന്ന് ഇരുകൂട്ടർക്കും താൽപര്യമുണ്ടെങ്കിലേ സാധിക്കൂ എന്നും മാപ്പ് ദൈവത്തിന് മുന്നില്‍ മാത്രമേ പറയൂവെന്നുമായിരുന്നു ഉമര്‍ഫൈസി മുക്കത്തിന്‍റെ പ്രതികരണം.