kala-raju

TOPICS COVERED

സിപിഎം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി  കൂത്താട്ടുകുളം കൗണ്‍സിലര്‍ കല രാജു. എന്തുവന്നാലും നഗരസഭയ്ക്കുള്ളില്‍ കയറാനാണ് താന്‍ വന്നത്. വനിതാ പ്രവര്‍ത്തകരടക്കം ആക്രോശിച്ചെത്തി തന്നെ വാഹനത്തില്‍ വലിച്ചു കയറ്റുകയായിരുന്നു. അവളെ വണ്ടിയിലേക്ക് വലിച്ചുകയറ്റെടാ എന്ന് സിപിഎം നേതാക്കള്‍ അലറി. എന്നിട്ടും ഞാന്‍ പിന്നോട്ടുപോയില്ല. വസ്ത്രം വലിച്ചഴിച്ചു. സാരി അഴിഞ്ഞപ്പോള്‍ നിക്കക്കള്ളിയില്ലാതായി. മടിക്കുത്തിന് പിടിച്ച് കാറില്‍ കയറ്റിയെന്നും കലാ രാജു മാധ്യമങ്ങളോട് പറഞ്ഞു. 

Read Also: ‘എന്നെ സിപിഎമ്മുകാര്‍ കഴുത്തില്‍ കുത്തിപ്പിടിച്ച് തട്ടിക്കൊണ്ടു പോയി; പൊലീസ് നോക്കി നിന്നു’


അതേസമയം കല രാജുവിനെ തട്ടിക്കൊണ്ടുപോകേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് ഏരിയ സെക്രട്ടറി പി.ബി രതീഷ് പ്രതികരിച്ചു. തട്ടിക്കൊണ്ടുപോയതും കൊണ്ടുവന്നതും കോണ്‍ഗ്രസാണെന്നും  കൗണ്‍സിലര്‍മാര്‍ ഏരിയ കമ്മിറ്റി ഒാഫിസില്‍ കേന്ദ്രീകരിച്ചത് പാര്‍ട്ടി തീരുമാനപ്രകാരമാണെന്നും രതീഷ് മനോരമ ന്യൂസിനോട് പറഞ്ഞു.  

നാടകീയ രംഗങ്ങൾ

അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ എറണാകുളം കൂത്താട്ടുകുളം നഗരസഭ നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. യുഡിഎഫിന് പിന്തുണ അറിയിച്ച സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി. കൗൺസിലറെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് കണ്ടെത്തി. ശാരീരിക അവശതകളെ തുടർന്ന് കൗൺസിലർ കലാ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.

 

നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ എന്നിവർക്കെതിരേ യുഡിഎഫ് നൽകിയ അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയായിരുന്നു ഇന്നലെ നടക്കേണ്ടിയിരുന്നത്. എൽഡിഎഫ് കൗൺസിലർ കലാ രാജുവും ആവിശ്വാസത്തിന് യുഡിഎഫിന് പിന്തുണ നൽകുമെന്ന് അറിയിച്ചിരുന്നു. കൗൺസിൽ യോഗത്തിനായി നഗരസഭയ്ക്ക് മുൻപിൽ വന്നിറങ്ങിയ കലാ രാജുവിനെ സിപിഐഎം പ്രവർത്തകർ കടത്തിക്കൊണ്ട് പോയെന്നായിരുന്നു പരാതി. പിന്നാലെ വൻ പ്രതിഷേധത്തിനും സംഘർഷത്തിനുമാണ് നഗരസഭ വേദിയായത്. 

പൊലീസ് നോക്കി നിൽക്കെയുണ്ടായ സംഭവങ്ങളിൽ പ്രതിഷേധിച്ച് പ്രവർത്തകർ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. അഞ്ചു മണിക്കൂറുകൾക്കു ശേഷമാണ് കലാ രാജുവിനെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് കണ്ടെത്തിയത്. ഭരണം നിലനിർത്താൻ സിപിഎം നടത്തിയ അതിക്രൂരമായ പ്രവർത്തിയാണെന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. 

കുടുംബം നൽകിയ പരാതിയിൽ സിപിഐഎം ഏരിയ സെക്രട്ടറി, നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, സിപിഐഎം ലോക്കൽ സെക്രട്ടറി, കൗൺസിലർ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 45 പേർക്കെതിരെയും കൂത്താട്ടുകുളം പൊലീസ് കേസെടുത്തു. അതേസമയം, തട്ടിക്കൊണ്ടുപോയില്ലെന്നു സി.പി.എം നേതൃത്വം പ്രതികരിച്ചു. അവിശ്വാസപ്രമേയത്തില്‍നിന്ന് കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നത് മുന്‍തീരുമാനപ്രകാരമാണ്. സമയം കഴിഞ്ഞപ്പോള്‍ കൗണ്‍സിലര്‍മാര്‍ ഓഫിസില്‍നിന്ന് പോയതാണ്. കലാരാജുവും ഇതേപോലെ മടങ്ങിയതാണെന്ന് വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ് വിശദീകരിച്ചു. 

ENGLISH SUMMARY:

'They grabbed my neck:' Woman councillor accuses CPM workers of abduction in Koothattukulam