കെപിസിസി നേതൃമാറ്റത്തിൽ കെ.സുധാകരന്റെ പിൻഗാമിയെ നിശ്ചയിക്കേണ്ടത് സമവായത്തിലൂടെ എന്ന നിലപാടിൽ എഐസിസി. കേരള നേതാക്കളുമായി വെവ്വേറെ നടത്തുന്ന കുടിക്കാഴ്ചയിലാണ് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നിലപാട് വ്യക്തമാക്കിയത്. നേതൃമാറ്റം ഇല്ലെങ്കിൽ ഇന്ദിരാഭവന്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ സംവിധാനമൊരുക്കണമെന്ന് ദീപ ദാസ് മുൻഷിയുമായുള്ള കൂടിക്കാഴ്ചയിൽ വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന നിലപാടിലാണ് കേരളത്തിന്‍റെ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. ഇക്കാര്യത്തിൽ കേരള നേതാക്കളുമായി ഔദ്യോഗികമായി ആശയവിനിമയം തുടങ്ങിയ ദീപാദാസ് പിൻഗാമിയുടെ പേര് സമവായത്തിലൂടെ സംസ്ഥാനത്ത് തന്നെ ഉണ്ടാകണമെന്ന നിലപാടിലാണ്. ദീപാ ദാസ് മുൻഷിയുമായുള്ള കൂടിക്കാഴ്ചയിൽ നേതൃത്വം വേണമെന്ന് പല നേതാക്കളും ആവശ്യപ്പെെട്ടങ്കിലും പിൻഗാമിയുടെ പേര് നിർദ്ദേശിക്കാൻ തയ്യാറായില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കണമെന്ന പതിവ് അടവാണ് നേതാക്കൾ പുറത്തെടുത്തത്. കെ സുധാകരനുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ലെന്നും എന്നാൽ ആരോഗ്യ പരിമിതികൾ കണക്കിലെടുത്ത് ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കണമെന്നും ദീപദാസ് മുൻഷിയുമായുള്ള കൂടിക്കാഴ്ചയിൽ വി ഡി സതീശൻ നിലപാട് എടുത്തു.
സംഘടനാ ദൗർബല്യങ്ങൾ ഉണ്ടെന്നും ഇന്ദിരാഭവന്റെ പ്രവർത്തനം നിശ്ചലം ആണെന്നും സതീശൻ കുറ്റപ്പെടുത്തിയതായാണ് വിവരം. അതേസമയം മറ്റുള്ളവരെ വിശ്വാസത്തിൽ എടുക്കാൻ സതീശൻ തയ്യാറാകുന്നില്ലെന്ന ആരോപണം മറ്റു ചില നേതാക്കൾ ഉയർത്തി. നേതാക്കളുമായുള്ള ആശയനിമയം തുടരുന്ന ദീപാ ദാസ് മുൻഷി ഉടൻ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. തെരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം ഇല്ലെങ്കിൽ കെപിസിസിയിൽ സമ്പൂർണ്ണ ഉടച്ചുവാർക്കൽ എങ്കിലും ഉണ്ടാകുമെന്നാണ് അവർ സൂചിപ്പിക്കുന്നത്. ഐക്യ ആഹ്വാനം നൽകാൻ രാഷ്ട്രീയകാര്യസമിതിയിൽ ധാരണയായ വി ഡി സതീശൻ കെ സുധാകരൻ സംയുക്ത വാർത്താ സമ്മേളനം ഉടൻ ഉണ്ടാവില്ല എന്ന് കെപിസിസി സൂചിപ്പിച്ചു.