കൂത്താട്ടുകുളത്ത് സി.പി.എം വനിതാകൗണ്‍സിലര്‍ കല രാജുവിനെ തട്ടിക്കൊണ്ടുപോയ  വിഷയത്തില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. സ്ത്രീ  സുരക്ഷയില്‍ ഒരു  വിട്ടുവീഴ്ചയുമില്ലെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. കാലുമാറ്റത്തെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനം അവിടെയുണ്ടായി.  അത്  അംഗീകരിക്കാനാകുമോ എന്നും  മുഖ്യമന്ത്രി ചോദിച്ചു . എന്തായാലും പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് കൂറുമാറ്റത്തെ പ്രോല്‍സാഹിപ്പിക്കാനാല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

പ്രതിപക്ഷനേതാവിന്‍റെ പ്രസംഗത്തിനിടെ ഭരണപക്ഷം വലിയതോതില്‍ ബഹളം വച്ചു. എന്തു തെമ്മാിത്തമാണ്  കാട്ടുന്നതെന്ന് ചോദിച്ച് രോഷാകുലനായ പ്രതിപക്ഷനേതാവ് കയ്യിലുണ്ടായിരുന്ന  പേപ്പര്‍ മേശപ്പുറത്ത് വലിച്ചെറിഞ്ഞു. പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവ് പ്രകോപിതനാവരുതെന്ന് പറഞ്ഞ സ്പീക്കര്‍ ഭരണപക്ഷത്തെ നിയന്ത്രിക്കാനാവാതെ നിസ്സഹായനാകുന്നതും സഭാതലം കണ്ടു.

കല രാജുവിനെ തട്ടികൊണ്ടുപോയത് പൊലീസ് ഒത്താശയോടെയെന്നാണ് അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച് അനൂപ് ജേക്കബ് പറഞ്ഞത്. സ്ത്രീസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവന നടത്തി രണ്ട് ആഴ്ചയ്ക്കുള്ളിലാണ് ജനപ്രതിനിധിയായ ഒരു വനിത ആള്‍ക്കൂട്ടത്തിന് നടുവില്‍ അപമാനിക്കപ്പെട്ടത്. എന്ത് സ്ത്രീസുരക്ഷയാണ് സര്‍ക്കാര്‍ പ്രസംഗിക്കുന്നതെന്നും സെലിബ്രിറ്റിക്ക് മാത്രമാണോ സ്ത്രീസുരക്ഷയെന്നും അനൂപ് ജേക്കബ് ചോദിച്ചു. ജനാധിപത്യമല്ല ഗുണ്ടാധിപത്യമാണ് നടക്കുന്നതെന്നും  അനൂപ് ജേക്കബ് സഭയില്‍ ആരോപിച്ചു. കുത്താട്ടുകുളത്ത് ഒത്തുകളിച്ച  പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും  പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാല്‍ കൂത്താട്ടുകുളം വിഷയത്തിലെ പരാതികളില്‍ ശക്തമായ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി മറുപടി നല്‍കി. നാലുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കല രാജുവിനെ കൂറുമാറ്റിയെടുക്കാന്‍ ശ്രമമുണ്ടായി. കാലുമാറ്റത്തെ പ്രോല്‍സാഹിപ്പിക്കുന്ന സ്ഥിതിയുണ്ടായി. അത്  അംഗീകരിക്കാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മറ്റൊരു രാഷ്ട്രീയത്തിന്‍റെ ഭാഗമാകാന്‍ തീരുമാനിച്ചാല്‍ പദവി രാജിവച്ചിട്ട് മാറുന്നതാണ് മര്യാദയെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. 

പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയെന്നായിരുന്നു  വിഡി സതീശന്‍റെ   പരിഹാസം. കാലുമാറ്റം ഉണ്ടായാല്‍ തട്ടിക്കൊണ്ടു പോകുമോയെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. ക്രിമിനലുകളെ സി.പി.എം വളര്‍ത്തിയെടുക്കുന്നു. ഇതാണോ അമ്മമാരോടും സഹോദരിമാരോടുമുള്ള നീതി ബോധം? ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി വസ്ത്രാക്ഷേപം നടത്തി. തട്ടിക്കൊണ്ടുപോകാന്‍ ഡി.വൈ.എസ്.പി  തന്നെ വഴിയൊരുക്കി.  കൗരവസഭയെപ്പോലെ, ഭരണപക്ഷം അഭിനവ ദുശ്ശാസനന്‍മാരായി മാറുന്നെന്നും ഗുരുതരകുറ്റത്തെ മുഖ്യമന്ത്രി കൂറുമാറ്റമായി വിലകുറച്ച് കാണിക്കുന്നെന്നും സതീശന്‍ ആരോപിച്ചു.

ഇതിനിടെ സഭയില്‍ ബഹളംവച്ച ഭരണപക്ഷത്തിനെതിരെയും പ്രതിപക്ഷനേതാവ് പൊട്ടിത്തെറിച്ചു. ഭരണപക്ഷ അംഗങ്ങളെ നിയന്ത്രിക്കാനാകാതെ സ്ഥിതിയിലായിരുന്നു സ്പീക്കര്‍ എ.എന്‍.ഷംസീര്‍. ബഹളംവച്ച കാനത്തില്‍ ജമീലയുടെ പേരെടുത്ത് പറഞ്ഞ സ്പീക്കര്‍, അങ്ങ് സീനിയറല്ലേ, പ്രകോപിതനാകരുതെന്ന് വി.ഡി.സതീശനോട് പറഞ്ഞു. സ്പീക്കര്‍ സഭയില്‍ ബഹളത്തിന് കൂട്ടുനില്‍ക്കുന്നുവെന്നായിരുന്നു ഇതിനോടുള്ള  പ്രതിപക്ഷനേതാവിന്‍റെ പ്രതികരണം. പക്വതയോടെ പെരുമാറണമെന്ന് സ്പീക്കര്‍ തിരിച്ചടിച്ചു.  അത് പഠിപ്പിക്കേണ്ടെന്നായിരുന്നു സതീശന്‍റെ മറുപടി. സ്പീക്കര്‍ക്ക് എതിരായ സതീശന്‍റെ പ്രസ്താവന ശരിയായില്ലെന്ന് മുഖ്യമന്ത്രിയും  പറഞ്ഞു. ഭരണപക്ഷം താന്‍ പറഞ്ഞിട്ടും കേള്‍ക്കുന്നില്ലെന്ന് സ്പീക്കര്‍ പറയുന്നത് വല്ലാത്ത അവസ്ഥയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാലുമാറിയവരെ കൂറുമാറ്റനിയമം വഴി നേരിടണം, അല്ലാതെ ചുമന്നുകൊണ്ടുപോകണോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ENGLISH SUMMARY:

Kerala Assembly witnessed high drama as the Opposition protested over the abduction of CPM councilor Kala Raju in Koothattukulam. The Chief Minister defended women's safety, while the Speaker struggled to manage disruptions.