സർക്കാർ ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങൾ നൽകാത്തത് നിയമസഭയിൽ എത്തിച്ച് മുഖ്യമന്ത്രിയുടെ വാഴ്ത്തപ്പാട്ടിനെ കണക്കിന് ട്രോളി പ്രതിപക്ഷം. മുഖ്യമന്ത്രിയെ സ്തുതിക്കുള്ള പാട്ട് നിയമസഭയിൽ പി സി വിഷ്ണുനാഥ് പാടിയപ്പോൾ, ജീവനക്കാരെക്കൊണ്ട് വിലാപകാവ്യം എഴുതിക്കുന സാഹചര്യം ഒരുക്കരുതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ജീവനക്കാരോട് പ്രതികാരമനോഭാവം ഇല്ലെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ എങ്ങനെ കൊടുക്കാം എന്ന് ആലോചിക്കുകയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ മറുപടി നൽകി.
സർക്കാർ ജീവനക്കാരുടെ പണിമുടക്ക് ദിവസം തന്നെ അവരുടെ പ്രശ്നങ്ങൾ സഭയിലെത്തിക്കുകയായിരുന്നു പ്രതിപക്ഷത്തിന്‍റെ തന്ത്രം. വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടിസ് നൽകിയ പി.സി. വിഷ്ണുനാഥ്, സർക്കാരിനെ ട്രോളാൻ മുഖ്യമന്ത്രിയെ സ്തുതിച്ച് സെക്രട്ടറിയേറ്റിലെ ജീവനക്കാരൻ എഴുതിയ പാട്ട് സഭയിൽ പാടി.
വാക്കൗട്ട് പ്രസംഗം നടത്തിയ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുടെ പാട്ട് വിട്ടില്ല. രാജകൊട്ടാരങ്ങളിലെ വിദൂഷകൻമാരെ ഓർമിപ്പിച്ച സതീശൻ, ജീവനക്കാരെക്കൊണ്ട് വിലാപകാവ്യം എഴുതിപ്പിക്കരുതെന്ന് പറഞ്ഞു. വാക്കൗട്ടിനു തൊട്ടുമുമ്പ് സിപിഐയെ ഉന്നമിട്ട പ്രതിപക്ഷ നേതാവ്,ജോയിന്‍റ് കൗൺസിൽ സമര രംഗത്ത് ആണെന്നും വേണമെങ്കിൽ വാക്കൗട്ടിൽ കൂടാം എന്നും കൂട്ടിച്ചേർത്തു. ജീവനക്കാരെ സംരക്ഷിക്കുന്ന നടപടികളാണ് സർക്കാർ എടുക്കുന്നതെന്ന് പറഞ്ഞ ധനമന്ത്രി കെ.എൻ ബാലഗോപാൽ പെൻഷനെക്കുറിച്ച് പറഞ്ഞതിൽ മാത്രമേ ജീവനക്കാർക്ക് ആശ്വസിക്കാൻ വകയുള്ളൂ.