നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒറ്റയ്ക്ക് വിജയിക്കാൻ കഴിയുന്ന 63 മണ്ഡലങ്ങളുടെ പേര് അടങ്ങുന്നതാണ് രാഷ്ട്രീയകാര്യ സമിതിയിൽ വി.ഡി.സതീശൻ അവതരിപ്പിച്ച പ്ലാൻ 63. തർക്കത്തിനെയും എതിർപ്പിനെയും തുടർന്ന് പദ്ധതി പൂർണമായി അവതരിപ്പിക്കാൻ സതീശന് കഴിയാതെ വന്നതോടെ 63 മണ്ഡലങ്ങൾ ഏതൊക്കെ എന്ന ചർച്ചയിലാണ് കോൺഗ്രസുകാർ. സംസ്ഥാന നിയമസഭയിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായിച്ച, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹെവിവെയ്റ്റായ കെ മുരളീധരനെ രംഗത്തിറക്കി ആ അക്കൗണ്ട് പൂട്ടിച്ച നേമം നിയമസഭാ മണ്ഡലം സതീശന്റെ പ്ലാൻ 63 പട്ടികയിൽ ഇല്ലെന്നാണ് വിവരം. നേമത്ത് ഇത്തവണ കെ.മുരളീധരനെ പോലൊരു കരുത്തനെ ഇറക്കില്ലെന്ന് ചർച്ചകളും ഇതോടെ സജീവമാവുകയാണ്.
2001ലും 2006ലും മുൻ സ്പീക്കറും നിലവിൽ കെപിസിസി ഉപാധ്യക്ഷനുമായ എൻ ശക്തൻ വിജയിച്ച മണ്ഡലമാണ് നേമം. 1982ൽ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ വിജയിച്ച മണ്ഡലവുമാണ് നേമം. അതേസമയം മണ്ഡല പുണർനിർണയത്തോടെ ചിത്രം മാറി. 2011ലും 16ലും ഘടകകക്ഷികൾക്കാണ് യുഡിഎഫ് സീറ്റ് നൽകിയത്. 2011ൽ ചാരുപാറ രവി മത്സരിച്ചപ്പോൾ നേമത്ത് ആദ്യമായി മൂന്നാം സ്ഥാനത്തായി യുഡിഎഫ് . 2016 ൽ വി സുരേന്ദ്രൻ പിള്ളയ്ക്ക് യുഡിഎഫ് സീറ്റ് നൽകിയപ്പോൾ ഒ.രാജഗോപാൽ വിജയിച്ച് കേരള നിയമസഭയിലെ ആദ്യ ബിജെപി അംഗമായി. അന്ന് യുഡിഎഫ് സ്ഥാനാർത്ഥി വി സുരേന്ദ്രൻ പിള്ളയ്ക്ക് ആകെ കിട്ടിയത് 13,500 വോട്ടാണ്. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ യുഡിഎഫ് സഹായിച്ചു എന്ന പേരുദോഷം ഇതോടെ ഉണ്ടായി. ഇതിനു മറുപടി നൽകാൻ 2021ൽ കോൺഗ്രസ് നേതൃത്വം മണ്ഡലം സ്വന്തം അക്കൗണ്ടിലേക്ക് തിരിച്ചെടുത്തു. ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കുന്നത് പോലും ആലോചിച്ചു. ഒടുവിൽ സിറ്റിംഗ് എംപിയായിരുന്ന കെ മുരളീധരനെ വടകരയിൽ നിന്ന് ഇറക്കി. പരാജയപ്പെട്ടെങ്കിലും കെ.മുരളീധരൻ നേടിയ 36,000 വോട്ടിന്റെ കരുത്തിലാണ് ഇടതുപക്ഷ സ്ഥാനാർഥി വി. ശിവൻകുട്ടിക്ക് വിജയിക്കാൻ ആയതും ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാൻ ആയതും എന്ന് ഇടതുപക്ഷ പ്രവർത്തകർ പോലും സമ്മതിക്കുന്നുണ്ട്.
ആ മണ്ഡലം പ്ലാൻ 63 പട്ടികയിൽ ഇല്ലെന്ന് വ്യക്തമാകുന്നതോടെ കരുത്തരായ സ്ഥാനാർത്ഥികൾ നേമത്തിറങ്ങാൻ ഇനി വിസമ്മതിച്ചേക്കും. 2001 ലാണ് സംസ്ഥാനത്ത് യുഡിഎഫ് ഇതിനുമുൻപ് ഉജ്വല വിജയം നേടിയത്. അന്ന് 99 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. കോൺഗ്രസിന് മാത്രം അന്ന് വിജയിക്കാൻ കഴിഞ്ഞത് 63 സീറ്റിലാണ്. എന്നാൽ വി ഡി സതീശന്റെ പ്ലാൻ 63ൽ വരുന്ന മണ്ഡലങ്ങൾ അന്നത്തെ അതേ മണ്ഡലങ്ങൾ അല്ല. മണ്ഡലപുനർനിർണയത്തിലൂടെ സീറ്റുകളുടെ സ്വഭാവത്തിൽ വന്ന മാറ്റം തന്നെയാണ് അതിന് കാരണം.