തോമസ് കെ. തോമസിനെ എന്‍സിപി സംസ്ഥാന അധ്യക്ഷനാക്കണമെന്ന് അഭ്യര്‍ഥിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ ദേശീയ നേതൃത്വത്തിന് ഇമെയിൽ സന്ദേശം അയച്ചു. പി.സി. ചാക്കോ രാജിവച്ചതിന് പിന്നാലെയാണ് സന്ദേശമയച്ചത്. പുതിയ അധ്യക്ഷൻ വരും വരെ സീനിയർ വൈസ് പ്രസിഡന്‍റ് പി.കെ. രാജൻ മാസ്റ്റർക്ക് ചുമതല നൽകണമെന്നാണ് എന്‍സിപിയിൽ ഉയര്‍ന്ന പൊതു ആവശ്യം. വിഭാഗീയതയെ തുടർന്ന് ഇന്നലെയാണ് പി.സി. ചാക്കോ സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവച്ചത്. ദേശീയ വർക്കിങ് സ്ഥാനത്ത് തുടരുകയാണ് ചാക്കോ.
എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാന്‍ പി.സി.ചാക്കോ നടത്തിയ നീക്കങ്ങള്‍ നടക്കാതെ വന്നതോടെയാണ് അധ്യക്ഷ പദവി ഒഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ശശീന്ദ്രനും തോമസ്.കെ.തോമസും കൈകോര്‍ക്കുകയും ചെയ്തു. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് ഉറച്ചതോടെ തോമസ്.കെ.തോമസിനൊപ്പം നേരത്തെ നിന്നിരുന്ന പല ജില്ലാഭാരവാഹികളും ശശീന്ദ്രന്‍ പക്ഷത്തേക്ക് മാറിയിരുന്നു.