നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിനിടെ ഇടപെട്ട് സ്പീക്കര്‍. പ്രസംഗത്തിന്‍റെ സമയം അതിക്രമിച്ചുവെന്നും ഒന്‍പത് മിനിറ്റായെന്നുമായിരുന്നു സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ ഇടപെടല്‍. ഇതോടെ തന്‍റെ പ്രസംഗം സ്ഥിരമായി തടസപ്പെടുത്തുകയാണെന്നും തന്‍റെ അവകാശങ്ങള്‍ തനിക്ക് വേണമെന്നും വി.ഡി.സതീശന്‍ നിലപാടെടുത്തു. ഒന്‍പത് മിനിറ്റ് സംസാരിച്ചത് സ്പീക്കറുടെ ഔദാര്യത്തിലല്ലെന്നും സതീശന്‍ തിരിച്ചടിച്ചു. ബഹളവും വാക്കുതര്‍ക്കവും മുറുകിയതോടെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. പ്രതിപക്ഷ എംഎല്‍എമാരും സ്പീക്കറോട് വാക്കുതര്‍ക്കവും മുദ്രാവാക്യം വിളികളുമായതോടെ സഭാ നടപടികള്‍ സ്പീക്കര്‍ വേഗത്തിലാക്കി. പിന്നാലെ സഭ പ്രതിപക്ഷം ബഹിഷ്കരിച്ചു.