കോൺഗ്രസിന്റെ ദേശീയ സംസ്ഥാന നേതൃത്വങ്ങളുടെ അവഗണനയാണ് പാർട്ടിയെ വെട്ടിലാക്കിയുള്ള വിരുദ്ധനിലപാടുകൾ പരസ്യമാക്കാൻ ശശി തരൂരിനെ പ്രേരിപ്പിച്ചത് എന്നാണ് വിവരം. പ്രവർത്തകസമിതി അംഗമായിട്ടും സംസ്ഥാനത്ത് നേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന് അമർഷമാണ് തരൂരിന്. കെപിസിസി ഓഫീസ് ആയ ഇന്ദിരാഭവനിൽ ഒരു മുറി അനുവദിക്കാൻ പോലും നേതൃത്വം തയ്യാറായില്ല. പാർലമെൻറിൽ പാർട്ടി മതിയായ പരിഗണന നൽകുന്നില്ല എന്ന അമർഷവും തരൂരിനുണ്ട്.
അതേസമയം കുഞ്ഞാലിക്കുട്ടിയെ കൂട്ടുപിടിച്ച് നിലപാട് മയപ്പെടുത്തി തരൂര്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടു. കേരളം വ്യവസായിക വളര്‍ച്ച നേടിയത് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലെന്നും ആന്‍റണി സര്‍ക്കാരിന്‍റെ കാലത്ത് ആദ്യ ആഗോള നിക്ഷേപസംഗമം നടത്തിയത് കുഞ്ഞാലിക്കുട്ടിയെന്നും തരൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ശശി തരൂരിനെ പരസ്യമായി തള്ളി, നിലപാട് വ്യക്തമാക്കി എഐസിസി നേതൃത്വം. യു.എസ്. പ്രസിഡന്‍റുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച പരാജയമായിരുന്നെന്നും ദേശതാല്‍പര്യം ഉയര്‍ത്തിപ്പിടിച്ചില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും വക്താവുമായ സുപ്രിയ ശ്രീനേത് മനോരമ ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടിയുടെ നിലപാട് സിഡബ്ല്യുസി അംഗവും വക്താവുമായ താന്‍ പറയുന്നതാണെന്നും സുപ്രിയ വ്യക്തമാക്കി